മഞ്ചേരി യുദ്ധത്തിന് 176 വർഷം; ചരിത്രസ്മാരകം അവഗണനയിൽ
text_fieldsയുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികൻ എൻസൈൻവൈസിന്റെ, മഞ്ചേരി ഗവ.ബോയ്സ് സ്കൂളിലുള്ള ശവകുടീരം
മഞ്ചേരി: ഗവ.ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ നിലകൊള്ളുന്ന 176 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം അവഗണനയിൽ. ബ്രിട്ടീഷ് പട്ടാളക്കാരനായ എൻസൈൻവൈസിന്റെ ശവകുടീരമാണ് സംരക്ഷിക്കപ്പെടാതെ കാടുകയറുന്നത്. 1849ലെ മഞ്ചേരി യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട ഈ ശവകുടീരം കൊളോണിയൽ കാലഘട്ടത്തിലെ മാപ്പിള പോരാട്ടങ്ങളുടെ ആദ്യഘട്ട ഏറ്റുമുട്ടലുകൾക്കുള്ള സാക്ഷ്യമാണ്.
1849 ആഗസ്റ്റ് 25ന് അത്തൻ കുരിക്കളുടെ നേതൃത്വത്തിലുള്ള മാപ്പിള സംഘം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആക്രമണമാണ് മഞ്ചേരി കലാപമായി അറിയപ്പെടുന്നത്. ഏറ്റുമുട്ടലിൽ എൻസൈൻവൈസിനൊപ്പം നാല് ബ്രിട്ടീഷ് പട്ടാളക്കാർ കൊല്ലപ്പെട്ടു. തുടർന്ന് നടന്ന സൈനിക നീക്കങ്ങളിൽ 64 മാപ്പിളമാർ വീരമൃത്യു വരിക്കുകയും ബ്രിട്ടീഷ് സേനയുടെ മേജർ ഡെന്നീസിന് ഗുരുതര പരിക്കേൽക്കുകയും മൂന്ന് ശിപായിമാർ മരിക്കുകയും ചെയ്തു. ആഗസ്റ്റ് 28ന് കൊല്ലപ്പെട്ടതായി രേഖകളിൽ പറയുന്ന എൻസൈൻവൈസിന്റെ ശവകുടീരം ഇന്ന് മഞ്ചേരി ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലാണ് നിലകൊള്ളുന്നത്.
അത്തൻകുരിക്കളുടെ നേതൃത്വത്തിൽ ജന്മിയുടെ കാര്യസ്ഥനെ സമരക്കാർ കൊല്ലുന്നതിലൂടെയാണ് മഞ്ചേരി യുദ്ധം തുടങ്ങിയത്. സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ മണ്ഡലം ട്രഷറർ യാസർ പട്ടർക്കുളം, ചരിത്രാന്വേഷിയും പൈതൃകവസ്തു സൂക്ഷിപ്പുകാരനുമായ മഞ്ചേരി മുള്ളമ്പാറ സ്വദേശി ഗിന്നസ് സലീം പടവണ്ണ എന്നിവർ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി.