17കാരിയെ പീഡിപ്പിച്ച കേസിൽ 55 വർഷം കഠിന തടവും പിഴയും
text_fieldsമഞ്ചേരി: 17കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 40കാരനായ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിന തടവും 43,0000 പിഴയും. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി പി.എ. ഷമീറലി മന്‍സൂറിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി -രണ്ട് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ട് മാസവും 10 ദിവസവും അധിക തടവും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.
കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. 2024 സെപ്റ്റംബർ 12ന് 17കാരിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ 18 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതി.
കൊണ്ടോട്ടി പൊലീസാണ് കേസിൽ പൊലീസ് സബ് ഇന്‍സ്പെക്ടറായ വി. ജിഷിലാണ് ആദ്യാന്വേഷണം നടത്തിയത്. ഇന്‍സ്പെക്ടര്‍ കെ. നൗഫല്‍ തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അസി. സബ് ഇന്‍സ്പെക്ടര്‍ എ.പി. ഗീത. കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രോസിക്യൂഷന് ഭാഗം തെളിവിലേക്കായി 27 സാക്ഷികളെ വിസ്തരിച്ചു. 31 രേഖകളും ആറ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസൻ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു.