മഞ്ചേരി മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ വിതരണം നിർത്താനൊരുങ്ങി ഏജൻസികൾ
text_fieldsമഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം നിർത്തിവെക്കാനൊരുങ്ങി വിതരണ ഏജൻസികൾ. കോടികൾ കുടിശ്ശികയായതോടെയാണ് ഏജൻസികൾ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. 12 മാസത്തെ കുടിശ്ശികയായ 2.5 കോടി രൂപയാണ് നൽകാനുള്ളത്. കഴിഞ്ഞ ജൂലൈക്ക് ശേഷം ഏജൻസിക്ക് പണം ലഭിച്ചിട്ടില്ല. സെപ്റ്റംബർ ഒന്ന് മുതൽ ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്നും നേരത്തെ വിതരണം ചെയ്ത ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്നും കാണിച്ച് വിവിധ ഏജൻസികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് മെഡിക്കൽ സപ്ലൈയേഴ്സ് ആൻഡ് ഡിവൈസസ് ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകി.
സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾക്ക് കീഴിലെ 40 കാത്ത് ലാബുകളിലേക്ക് ഉപകരണം നൽകുന്ന ഏജൻസിയാണ് ഇപ്പോൾ വിതരണം നിർത്തുന്നത്. 250 കോടി രൂപയാണ് സർക്കാറിൽ നിന്നും ലഭിക്കാനുള്ളത്. ഇതിൽ മഞ്ചേരിക്ക് പുറമെ കോഴിക്കോട് മെഡിക്കൽ കോളജ്, കണ്ണൂർ ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് ഒന്നാം തീയതി മുതൽ വിതരണം നിർത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മാത്രം 42 കോടി രൂപയാണ് കുടിശ്ശിക. പരിയാരം മെഡിക്കൽ കോളജ് 40 കോടിയും കോട്ടയം മെഡിക്കൽ കോളജിൽനിന്ന് 35 കോടിയും ലഭിക്കാനുണ്ട്.
ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റ്, കൊറോണറി ബലൂൺ, പേസ് മേക്കർ, കത്തീറ്റർ തുടങ്ങിയ ശസ്ത്രക്രിയ, കാത്ത് ലാബ് ഉപകരണങ്ങളുടെ സ്റ്റോക്ക് മഞ്ചേരിയിൽ പരിമിതമാണ്. ഉപകരണങ്ങൾ എത്തിച്ചില്ലെങ്കിൽ ശസ്ത്രക്രിയ മുടങ്ങുമെന്ന് കാർഡിയോളജി വിഭാഗം മേധാവി സൂപ്രണ്ടിനെ അറിയിച്ചു. ശസ്ത്രക്രിയ നടക്കണമെങ്കിൽ വിതരണ ഏജൻസി കനിയണമെന്ന സ്ഥിതിയാണ് ഇപ്പോൾ. ജില്ലയിലുള്ള രോഗികൾക്ക് പുറമെ ഗൂഡല്ലൂർ ഭാഗങ്ങളിൽ നിന്നുള്ളവരും മഞ്ചേരി മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നുണ്ട്. സർക്കാർ എന്ന് ഫണ്ട് നൽകുമെന്ന് പറയാൻ ആശുപത്രി അധികൃതർക്ക് സാധിക്കുന്നില്ല. വിതരണം നിലച്ചാൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും പ്രയാസം സൃഷ്ടിക്കും.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ആറ് മാസത്തെ കുടിശ്ശിക എങ്കിലും തീർക്കാതെ ഉപകരങ്ങൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഏജൻസികൾ. കോടികളുടെ കുടിശ്ശിക വരുത്തിയതിനാൽ വിവിധ കമ്പനികൾ ഉപകരണം നൽകുന്നത് നിർത്തിയതായും ഏജൻസി പ്രതിനിധികൾ പറഞ്ഞു.
വകുപ്പ് മേധാവി സ്ഥലം മാറി രാത്രികാല പോസ്റ്റ്മോർട്ടം നിലച്ചു
മഞ്ചേരി: ഗവ.മെഡിക്കൽ കോളജിൽ നടന്നിരുന്ന രാത്രികാല പോസ്റ്റ്മോർട്ടം നിലച്ചു. നേതൃത്വം നൽകിയിരുന്ന ഫോറൻസിക് വിഭാഗം മേധാവി ഡോ.ടി.എസ്. ഹിതേഷ് ശങ്കർ തൃശൂർ മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറിയതോടെയാണ് രാത്രികാല പോസ്റ്റ്മോർട്ടം നിലച്ചത്. ഇദ്ദേഹം സ്ഥലംമാറിപ്പോയ തൃശൂർ ഗവ.മെഡിക്കൽ കോളജിൽ ബുധനാഴ്ച മുതൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുകയും ചെയ്തു. ഡോക്ടർമാർ മനസ്സുവച്ചാൽ എല്ലാ മെഡിക്കൽ കോളജുകളിലും രാത്രിയിൽ പോസ്റ്റ്മോർട്ടം നടക്കുമെന്ന് തെളിയിക്കുന്ന സംഭവമാണിത്. സംസ്ഥാനത്ത് ആദ്യമായി രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിച്ചത് മഞ്ചേരിയിലായിരുന്നു. 2024 സെപ്റ്റംബറിലാണ് മഞ്ചേരിയിലും രാത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചത്.
എല്ലാ സജ്ജീകരണങ്ങളുമുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെ മടിച്ചു നിന്നപ്പോഴായിരുന്നു ചരിത്രപരമായ തീരുമാനം. ഇതുവരെ 150ലധികം മൃതദേഹങ്ങൾ രാത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. കഴിഞ്ഞയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ നാലിന് മുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാകാത്തതിനെ തുടർന്ന് മൃതദേഹം മഞ്ചേരിയിലെത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തിതിരുന്നു. മഞ്ചേരിയിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഹിതേഷ് ശകർ ഈ മാസം 21നാണ് തൃശൂരിലേക്ക് മാറിയത്. ഇതിന് ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ രാത്രിയിൽ പോസ്റ്റുമോർട്ടം നടന്നില്ല. രണ്ട് മൃതദേഹങ്ങൾ എത്തിയിരുന്നെങ്കിലും പിറ്റേദിവസമാണ് നടപടികൾ പൂർത്തിയാക്കിയത്.
ഡോ. ഹിതേഷ് ശങ്കറിന് പകരം കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള ഡോക്ടറാണ് മഞ്ചേരിയിലേക്കെത്തുന്നത്. അടുത്തയാഴ്ച ചുമതലയേൽക്കുന്ന ഇദ്ദേഹത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും മഞ്ചേരിയിലെ രാത്രികാല പോസ്റ്റ്മോർട്ടമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രികാല പോസ്റ്റ്മോർട്ടം മരിച്ചവരുടെ ബന്ധുക്കൾക്ക് വലിയ ആശ്വാസമായിരുന്നു. മോർച്ചറിക്ക് മുന്നിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സാധിച്ചിരുന്നു. അടുത്തിടെ എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് മോർച്ചറി നവീകരിച്ചിരുന്നു. രാത്രികാല പോസ്റ്റ്മോർട്ടത്തിനുള്ള സൗകര്യം കൂടി പരിഗണിച്ചായിരുന്നു ഇത്.