പത്ത് മില്ലി ലിറ്റര്‍ വിദേശ മദ്യം കൈവശം വെച്ചതിന് അറസ്റ്റ്; പൊലീസിന് കോടതിയുടെ വിമർശനം
text_fieldsമഞ്ചേരി: പത്ത് മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് കോടതിയുടെ വിമര്‍ശനം. വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടറെയാണ് മഞ്ചേരി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചത്.
തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷിനെയാണ് (32) കഴിഞ്ഞ 25ന് അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ ഇന്ത്യന്‍ നിർമിത വിദേശ മദ്യം കൈവശം വെക്കാമെന്നിരിക്കെയാണ് വെറും 10 മില്ലീലിറ്റര്‍ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഒരാഴ്ചയോളം ധനേഷ് റിമാൻഡില്‍ കിടന്നു. ശനിയാഴ്ച ധനേഷിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.
ബാര്‍ബര്‍ കട നടത്തി വരുന്ന ധനേഷ് ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കാം തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച എസ്.ഐയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു. ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും പകരം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.


