കിഴക്കേത്തലയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
text_fieldsമഞ്ചേരി: കിഴക്കേത്തലയിൽ ഗിഫ്റ്റ്, സ്റ്റേഷനറി കടയിൽ അഗ്നിബാധ. സ്റ്റേഷനറി സാധനങ്ങൾ, കമ്പ്യൂട്ടർ, ഫ്രിഡ്ജ് വയറിങ് സാധനങ്ങൾ എന്നിവ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കടയിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. എടവണ്ണ സ്വദേശി മുഹമ്മദ് യാഷിക്കിന്റെ നേതൃത്വത്തിലാണ് കട.
അഞ്ചുവർഷമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിവാഹ, വിശേഷ അവസരങ്ങളിൽ നൽകാനുള്ള മിഠായികൾ, ചോക്ലേറ്റുകൾ, ഗിഫ്റ്റ് ഐറ്റംസ്, പെട്ടികൾ, ഫോട്ടോ ഫ്രെയിസ് തുടങ്ങിയവ കത്തി നശിച്ചു.
തീയും പുകയും പടർന്നു കടയുടെ ഉൾവശം പൂർണമായി കേടായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിവരം. നഷ്ടം കണക്കാക്കിയിട്ടില്ല. മഞ്ചേരിയിൽനിന്നും മലപ്പുറത്തുനിന്നും അഗ്നിരക്ഷാസേന എത്തി ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. രാവിലെ ഷോപ്പ് തുറക്കാത്തതിനാൽ അപകടം ഒഴിവായി.
മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫിസർ ജയകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.വി. അനൂപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസമാരായ കെ. രമേശ്, എം. അനൂപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസ് ഡ്രൈവർമാരായ ശ്രീലേഷ് കുമാർ, സജീഷ്, ഹോം ഗാർഡുമാരായ ജോജി ജേക്കബ്, മുകുന്ദൻ, സത്താർ തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.


