ഒമ്പത് ഗ്രാം എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
text_fieldsമഞ്ചേരി: ഫർണിച്ചർ നിർമാണശാലയുടെ മറവിൽ ലഹരി വിൽപന കേന്ദ്രം. ഒമ്പത് ഗ്രാം എം.ഡി.എം.എയുമായി നാലുപേർ മഞ്ചേരി പൊലീസിന്റെ പിടിയിൽ.
പയ്യനാട് ചോലക്കൽ സ്വദേശി വലിയപീടിയേക്കൽ വീട്ടിൽ സൈഫുദ്ദീൻ (27), എളങ്കൂർ മഞ്ഞപ്പറ്റ സ്വദേശി കഴിക്കുന്നുമ്മൽ വീട്ടിൽ ഫസലുറഹ്മാൻ (40), മഞ്ചേരി പാലക്കുളം സ്വദേശി നൊട്ടിത്തൊടി വീട്ടിൽ അനസ് (32), പയ്യനാട് പിലാക്കൽ സ്വദേശി കൊല്ലേരി പുല്ല്പറമ്പിൽ വീട്ടിൽ ജാബിർ (30) എന്നിവരെയാണ് മഞ്ചേരി സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും മലപ്പുറം ജില്ല ആൻഡി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീമും പിടികൂടിയത്.
പയ്യനാട് വടക്കാങ്ങര റോഡിൽ മണ്ണാറം എന്ന സ്ഥലത്ത് ഫർണിച്ചർ നിർമാണശാലയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഉപയോഗത്തിനും വിൽപനക്കുമായി സൂക്ഷിച്ച 9.46 ഗ്രാം എം.ഡി.എം.എയും പ്രതികളിൽനിന്നും കണ്ടെടുത്തു. പ്രതികൾ എം.ഡി.എം.എ വലിക്കാൻ ഉപയോഗിച്ച ഗ്ലാസ് ട്യൂബുകളും പ്രത്യേകം നിർമിച്ച ഗ്യാസ് ലൈറ്ററും പൊലീസ് കണ്ടെടുത്തു.
ചില്ലറവിപണിയിൽ അരലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ആണ് കണ്ടെടുത്തത്. പ്രതികൾക്ക് ലഹരി എത്തിച്ച് നൽകിയവരെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ, ജൂനിയർ എസ്.ഐ അശ്വതി കുന്നത്ത്, എ.എസ്.ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷാദ്, സിവിൽ പൊലീസ് ഓഫിസർ ഉബൈദുല്ല, മലപ്പുറം ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, പ്രശാന്ത്, പ്രഭുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പരിശോധനകൾക്ക് എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷ് നേതൃത്വം നൽകി.