ഗ്രീൻഫീൽഡ് ദേശീയപാത; പ്രവേശന റോഡുകളിൽ അന്തിമ തീരുമാനമായില്ല `
text_fieldsമഞ്ചേരി: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിലേക്ക് ജില്ലയിൽനിന്നുള്ള പ്രവേശന റോഡുകൾ സംബന്ധിച്ച അന്തിമ തീരുമാനമായില്ല. പ്രവേശന റോഡുകൾ ഒരുക്കാൻ നേരത്തേ കണ്ടെത്തിയ ആറു കേന്ദ്രങ്ങളിലും മാറ്റം വന്നേക്കും. എന്നാൽ, പഴയ സ്ഥലം അടക്കം 17 കേന്ദ്രങ്ങളാണ് ദേശീയപാത അതോറിറ്റി കണ്ടെത്തിയിട്ടുള്ളത്.
പുതിയ 11 സ്ഥലം ഉൾപ്പെടെ 17 കേന്ദ്രങ്ങളിൽനിന്ന് അനുയോജ്യമായ ആറിടങ്ങളിലാകും പ്രവേശന റോഡുകൾ ഉണ്ടാക്കുക. കണ്ടെത്തിയ 17 കേന്ദ്രങ്ങളിൽ രണ്ടെണ്ണം കോഴിക്കോട് ജില്ലയിലും ബാക്കി മലപ്പുറത്തുമാണ്. 11 ഇടങ്ങളിലും ഭൂമി ഏറ്റെടുക്കാൻ മണ്ണുപരിശോധന തുടങ്ങി. കരുവാരകുണ്ട് വില്ലേജിൽ ഇരിങ്ങാട്ടിരി, ചെമ്പ്രശ്ശേരി വില്ലേജിൽ കൊടശ്ശേരി, കാരക്കുന്നിൽ ചീനിക്കൽ, അരീക്കോട് വില്ലേജിൽ പൂക്കോട്ടുചോല, ചീക്കോട് വില്ലേജിൽ ഇരുപ്പാൻതൊടി, വാഴയൂരിലെ പുഞ്ചപ്പാടം എന്നിവിടങ്ങളിൽ ദേശീയപാതയിലേക്ക് പ്രവേശന റോഡുകൾ നിർമിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനായി ഈ ആറിടങ്ങളിലും അധികഭൂമി ഏറ്റെടുക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. ഈ ആറു കേന്ദ്രങ്ങൾക്കു പുറമെ 11 ഇടങ്ങൾകൂടി കണ്ടെത്തിയിരിക്കുകയാണിപ്പോൾ.
നിലവിൽ 45 മീറ്റർ വീതിയിൽ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. ആറിടങ്ങളിൽ 60 മീറ്റർ വീതിയിൽ ദേശീയപാതയുടെ നിർമാണം നടത്താനായിരുന്നു ദേശീയപാത അതോറിറ്റിയുടെ തീരുമാനം. പിന്നീട് 60 മീറ്റർ എന്നത് 70 മുതൽ 80 മീറ്റർ വരെയാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രവേശനത്തിനും പുറത്തേക്കുമുള്ള റോഡുകൾ, ടോൾപിരിവിന് കേന്ദ്രങ്ങൾ, ചരക്കുവാഹനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ഒതുക്കിനിർത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യം, റിങ് റോഡ്, അപ്രോച് റോഡ് എന്നിവക്കാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാത 121 കിലോമീറ്ററാണ് ദൂരം. 10,800 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്. പാലക്കാട് ജില്ലയിൽ 61.4 കിലോമീറ്റർ ദൂരമാണ് പാത. മലപ്പുറം ജില്ലയിൽ 53 കിലോമീറ്ററും കോഴിക്കോട് ആറര കിലോമീറ്റർ ദൂരവുമാണ് പാതയുടെ ദൈർഘ്യം.


