വെളിച്ചെണ്ണ മില്ലിന് തീപിടിച്ച് വൻ നാശ നഷ്ടം
text_fieldsമഞ്ചേരി: വെളിച്ചെണ്ണ മില്ലിന് തീപിടിച്ച് വന്‍ നാശം. വള്ളുവമ്പ്രത്തിനടുത്ത് മാണിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സിബില്‍ ഓയില്‍ മില്ലിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലര്‍ച്ച അഞ്ചോടെയാണ് അപകടം ഉണ്ടായത്. മഞ്ചേരിയില്‍ നിന്നും മലപ്പുറത്തു നിന്നും എത്തിയ അഗ്നി രക്ഷാ സേന മണിക്കുറുകളോളം നടത്തിയ ശ്രമത്തിലാണ് തീയണക്കാനായത്.
വള്ളുവമ്പ്രം സ്വദേശി എന്‍.എം. ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതാണ് വെളിച്ചെണ്ണ മില്ല്. മില്ലിനകത്തു ബാരലുകളില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും പിണ്ണാക്കും ഡ്രയറില്‍ ഉണ്ടായിരുന്ന കൊപ്രയും എക്സ് പെല്ലര്‍, കട്ടര്‍, ഡ്രയര്‍, കണ്‍വെയര്‍, മോട്ടോര്‍ തുടങ്ങിയ യന്ത്രങ്ങളും കത്തിനശിച്ചെങ്കിലും നാല് ടാങ്കുകളിലായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം ലിറ്റര്‍ വെളിച്ചെണ്ണയിലേക്ക് തീ പടരാതെ സൂക്ഷിക്കാന്‍ അഗ്നിരക്ഷാസേനക്കായത് വന്‍ ദുരന്തം ഒഴിവാക്കി. കെട്ടിടത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലില്‍ തൊട്ടടുത്തുള്ള വീടുകളിലേക്കും തീ പടര്‍ന്നില്ല.
മലപ്പുറം, മഞ്ചേരി നിലയങ്ങളില്‍ നിന്നുള്ള അഞ്ച് ഫയര്‍ യൂനിറ്റുകള്‍ മൂന്ന് മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീയണച്ചത്. മലപ്പുറം ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന് സ്റ്റേഷന് ഓഫിസര്‍ ഇ.കെ. അബ്ദുൽ സലിം, സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍ പി. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


