അനധികൃത ഖനനം; റവന്യൂ വകുപ്പ് 12 വാഹനങ്ങൾ പിടികൂടി
text_fieldsഅനധികൃത ഖനനത്തെ തുടർന്ന് റവന്യൂ വകുപ്പ് പിടികൂടിയ വാഹനങ്ങൾ
മഞ്ചേരി: അവധി ദിനങ്ങൾ മറയാക്കി അനധികൃത ഖനനം നടത്തിയ 12 വാഹനങ്ങൾ റവന്യൂവിഭാഗം പിടികൂടി. കഴിഞ്ഞ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചത്.
മലപ്പുറം മേൽമുറിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും ഏറനാട് സ്ക്വാഡ് കസ്റ്റഡിലെടുത്തു. അരീക്കോട്, എളങ്കൂർ, കാവനൂർ, മലപ്പുറം, പൂക്കോട്ടൂർ, പുൽപറ്റ, മഞ്ചേരി തുടങ്ങിയ വില്ലേജ് പരിധിയിൽനിന്നാണ് മറ്റുവാഹനങ്ങൾ പിടികൂടിയത്.
പെരിന്തൽമണ്ണ സബ് കലക്ടർ, ജില്ല ജിയോളജിസ്റ്റ് എന്നിവർക്ക് പരിശോധന റിപ്പോർട്ട് കൈമാറി. ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ പിഴ ചുമത്തും. ഖനനം നടത്തിയ ചെങ്കല്ല് ക്വാറിക്കെതിരെ നടപടി സ്വീകരിക്കാൻ മേൽമുറി വില്ലേജ് ഓഫിസർക്ക് ഏറനാട് തഹസിൽ എം. മുകുന്ദൻ നിർദേശം നൽകി.
അനധികൃത ഖനനം, മണൽവാരൽ, നെൽവയൽ നികത്തൽ, കുന്നിടിക്കൽ, മണ്ണെടുപ്പ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ഖനനം തടയാനായി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അബ്ദുൽ അസീസ്, സ്പെഷൽ വില്ലേജ് ഓഫിസർ മുസ്തഫ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മുഹമ്മദലി, ഡ്രൈവർ ഷഫീഖ് എന്നിവർ പങ്കെടുത്തു.