Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഗെയിൽ വാതക പൈപ്പിൽ...

ഗെയിൽ വാതക പൈപ്പിൽ ചോർച്ച; ആശങ്ക

text_fields
bookmark_border
ഗെയിൽ വാതക പൈപ്പിൽ ചോർച്ച; ആശങ്ക
cancel
camera_alt

രാമൻകുളത്ത് ഗെയിലിന്‍റെ വാതക പൈപ്പ് ലൈൻ ചോർന്ന ഭാഗം

മഞ്ചേരി: രാമന്‍കുളത്ത് ഗെയിലിന്‍റെ പാചക വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച. ഇത് നാട്ടുകാരില്‍ ഏറെ നേരം ആശങ്ക പരത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നറുകര വില്ലേജില്‍ കുടിവെള്ളം ലഭ്യമാക്കാൻ അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന യൂനിറ്റി കോളജ് സോണ്‍ കുടിവെള്ള പദ്ധതിയുടെ ജല അതോറിറ്റി പ്രവൃത്തി നടക്കുന്നതിനിടെയാണ് സംഭവം. പൈപ്പ് സ്ഥാപിക്കാൻ റോഡ് കീറുന്നതിനിടെ ജെ.സി.ബിയുടെ ബക്കറ്റ് തട്ടി ഗ്യാസ് പൈപ്പ് ലൈന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.

പൊട്ടലുണ്ടായ ഭാഗത്തിലൂടെ ഗ്യാസ് മുകളിലേക്ക് ഉയര്‍ന്നു. ഉടന്‍ വാര്‍ഡ് കൗണ്‍സിലർ വി.പി. ഫിറോസിന്റെ നേതൃത്വത്തില്‍ സമീപത്തെ വീട്ടുകാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. അറുപതോളം വീടുകളാണ് പരിസരത്തുള്ളത്. ഉടന്‍ മഞ്ചേരി അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. ഇതിനിടെ ഗെയില്‍ തൊഴിലാളികളെത്തി വാതക പൈപ്പിന്റെ വാല്‍വ് അടക്കുകയായിരുന്നു. നാട്ടുകാരുടെയും ജീവനക്കാരുടെയും കൃത്യസമയത്തെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

എല്‍.പി.ജി ഗ്യാസിനെ അപേക്ഷിച്ച് ഗെയില്‍ വാതകത്തിന് വായുവിനെക്കാള്‍ സാന്ദ്രത കുറവായതിനാല്‍ ചോർച്ച സംഭവിച്ചാല്‍ പോലും പ്രദേശത്ത് പരക്കുന്നതിന് സാധ്യത കുറവാണെന്നും നേരെ മുകളിലേക്കായിരിക്കും വാതകം പോവുകയെന്നും ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. അതേസമയം, അശാസ്ത്രീയമായാണ് വാതക പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ള ചാലിന് മതിയായ ആഴമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. ചോര്‍ച്ച പൂര്‍ണമായും പരിഹരിച്ചതായി ഗെയില്‍ അധികൃതര്‍ പറഞ്ഞു. റോഡ് ക്രോസിങ്ങിന്റെ ഏതാനും ഭാഗത്ത് മാത്രമാണ് ഇരു പൈപ്പുകളും ഒരുമിച്ച് വരുന്നത്. ഈ ഭാഗം വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും ഗെയില്‍ അധികൃതര്‍ ഉറപ്പു നല്‍കി.

Show Full Article
TAGS:GAIL Gas pipe leak manjeri Local News 
News Summary - Leak in GAIL gas pipe
Next Story