വേട്ടേക്കോട് ഇനി വേറെ ലെവലാകും; ലെഗസി മാലിന്യം നീക്കൽ പ്രവൃത്തി 21ന് തുടങ്ങും
text_fieldsവേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് മുന്നോടിയായി ചെയർപേഴ്സൻ വി.എം. സുബൈദയുടെ
നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിക്കുന്നു
മഞ്ചേരി: വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും. രാവിലെ 9.30ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, ബയോ മൈനിങ് പദ്ധതി നിർവഹണത്തിനുള്ള ജില്ല മോണിറ്ററിങ് ചെയർമാനും എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയറുമായി സി.ആർ. മുരളീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്യൂ.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. മാലിന്യം തരംതിരിക്കാനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞദിവസം വേട്ടേക്കോട് എത്തിച്ചു. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
വേനൽക്കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. സ്ഥലത്ത് ചുറ്റും ഗ്രീൻ നെറ്റ് സ്ഥാപിക്കും. പൊടിപടലം തടയാനായി ടാങ്കിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്യും. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് തയാറാക്കും.
പ്രവൃത്തിയുടെ വിവരങ്ങളും മറ്റും ഇതിലൂടെ ജനങ്ങളെ അറിയിക്കും. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ബയോമൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഭൂമി പഴയരൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തും. കുമിഞ്ഞുകൂടിയ മാലിന്യം കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യം സിമന്റ് കമ്പനിയിലേക്ക് കയറ്റി അയക്കും.