മലപ്പുറം സ്ക്വാഡ്…
text_fieldsമഞ്ചേരി: സ്വർണക്കവർച്ച കേസിലെ പ്രതികളെ അതിവേഗം പിടികൂടാനായത് പൊലീസിന്റെ അന്വേഷണ മികവ്. സംഭവം നടന്ന് മണിക്കൂറുകൾക്കം മുഖ്യസൂത്രധാരനടക്കം രണ്ട് പ്രതികളെ പിടികൂടാനായി. കൃത്യത്തിൽ പങ്കെടുത്ത മൂന്നാമനെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. 24 മണിക്കൂറിനകം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു.
മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ പൊലീസ് സംഘം സംയുക്തമായി നടത്തിയ അന്വേഷണമാണ് കോടികളുടെ കവർച്ചകേസിന് തുമ്പുണ്ടാക്കാനായത്. പ്രതികൾ സ്വർണവുമായ രക്ഷപ്പെടാനുള്ള എല്ലാ പഴുതുമടച്ചായിരുന്നു നീക്കം. കോട്ടപ്പടിയിലെ നിഖില ബാംഗിൾസ് ഉടമ മലപ്പുറം പൊലീസിൽ പരാതി നൽകിയതോടെ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജു, മഞ്ചേരി എസ്.എച്ച്.ഒ ഡോ. എം. നന്ദഗോപൻ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി സ്റ്റേഷനുകളിലെ സേനയെ ഏകോപിപ്പിച്ച് അന്വേഷണം തുടങ്ങി.
മൂന്ന് സംഘവും സംഭവം നടന്ന അരമണിക്കൂറിനകം കാട്ടുങ്ങലിലെത്തി വിവരങ്ങൾ ശേഖരിച്ചു. താൻ ആസൂത്രണം ചെയ്ത കവർച്ചയാണെന്ന് മറച്ചുവെച്ച് പ്രതി സിവേഷ് സ്ഥലത്ത് തന്നെയുണ്ടായിരുന്നു. നടന്ന സംഭവങ്ങൾ പൊലീസിനോട് വിശദീകരിച്ചു. പിന്നീട് സിവേഷിനെയും കൂടെയുണ്ടായിരുന്ന സുകുമാരനെയും രാത്രിയോടെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.
സിവേഷിന്റെ മൊഴികളിൽ വൈരുധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ആസൂത്രിതശ്രമം പുറത്തറിഞ്ഞത്. ഇതോടെ സിവേഷിനെതിരെ കൂടുതൽ അന്വേഷണം നടത്തി. ഇയാൾ നേരത്തെ മോഷണം, പോക്സോ, അടിപിടി ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. ഇരുമ്പുഴിയിലെ മുഹമ്മദ് മുൻഷിർ പകർത്തിയ ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വാഹനം തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ലേറ്റിലെ അക്കങ്ങൾ വികൃതമാക്കിയിരുന്നു. എന്നാൽ, മുൻഷിർ പകർത്തിയ ചിത്രങ്ങളിൽ നിന്ന് വാഹനത്തിന്റെ നമ്പർ വ്യക്തമായി.
ഇതോടെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേസിൽ പ്രതിയായ ഷിജുവിന്റെ ബന്ധുവിന്റെ സ്കൂട്ടറാണെന്ന് വ്യക്തമായി. ഇയാളെ പൊലീസ് ബന്ധപ്പെട്ടപ്പോൾ വാഹനം ഷിജു കൊണ്ടുപോയതായി അറിഞ്ഞു. സിവേഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെൻസുവിനെയും ഷിജുവിനെയും കണ്ടെത്താനായി പൊലീസിന്റെ ശ്രമം.
ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മങ്കടയിൽ നിന്ന് ബെൻസുവിനെയും ഞായറാഴ്ച രാവിലെ ഷിജുവിനെയും കസ്റ്റഡിയിലെടുത്തു. കവർച്ച നടത്തിയ സ്വർണം ബെൻസുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആഭരണങ്ങൾ മോഷ്ടിക്കാൻ താനാണെന്ന് പദ്ധതിയിട്ടതെന്ന് സിവേഷ് പൊലീസിനോട് പറഞ്ഞു. പ്രതികളുടെ സാമ്പത്തിക ബാധ്യതയും കവർച്ചക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ, പെരിന്തൽമണ്ണ ഡിവൈ.എസ്.പി പ്രേംജിത്ത്, പെരിന്തൽമണ്ണ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ശ്രീനിവാസൻ, മലപ്പുറം എസ്.എച്ച്.ഒ വിഷ്ണു, മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ, മഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐമാരായ ഗിരീഷ്, അബ്ദുൾ വാഷിദ്, അനീഷ് ചാക്കോ, ഫിറോസ്, എസ്.സി.പി.ഒ തൗഫീഖുള്ള മുബാറക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.