മഞ്ചേരി അഗ്നിരക്ഷാസേനക്ക് സ്വന്തം കെട്ടിടം: രണ്ടാംഘട്ട ഫണ്ടിനായി കാത്തിരിപ്പ്
text_fieldsമഞ്ചേരി അഗ്നിരക്ഷാസേനയുടെ പുതിയ കെട്ടിടം
മഞ്ചേരി: വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേരി അഗ്നിരക്ഷാസേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഇനിയും കാത്തിരിക്കണം. കരുവമ്പ്രത്ത് ഒരുക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിർമാണ പ്രവൃത്തി പൂർത്തിയായെങ്കിലും രണ്ടാംഘട്ട വികസനം സാധ്യമാക്കാൻ ഫണ്ടിന് കാത്തിരിക്കുകയാണ്. കിണർ, ഒരു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള സംഭരണി, ചുറ്റുമതിൽ, സെപ്റ്റിക് ടാങ്ക് എന്നിവയുടെ നിർമാണത്തിനായി ഇനി ഫണ്ട് ലഭ്യമാകണം. രണ്ടാംഘട്ട നിർമാണം പൂർത്തിയായെങ്കിലേ കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാൻഡിലെ താൽക്കാലിക മുറിയിൽനിന്ന് അഗ്നിരക്ഷാസേനക്ക് സ്വന്തം കെട്ടിടത്തിലേക്ക് മാറാനാകൂ.
2.75 കോടി രൂപ ചെലവഴിച്ചാണ് ഒന്നാംഘട്ട നിർമാണം നടത്തിയത്. രണ്ടാം നില നിർമാണം നടന്നില്ലെങ്കിലും നിലവിൽ നിർമാണം അവസാന ഘട്ടത്തിലെത്തിയ കെട്ടിടത്തിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയാൽ അതിലേക്ക് മാറാം. സ്ഥിരമായി വെള്ളം ലഭ്യമാക്കാൻ കിണർ നിർമിക്കുകയോ മറ്റു സംവിധാനം ഒരുക്കുകയോ വേണം. രണ്ടാംഘട്ട നിർമാണത്തിന് രണ്ട് തവണ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും അനുമതി ലഭ്യമായിട്ടില്ല.
ഗ്രൗണ്ട് ഫ്ലോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപകൽപന ചെയ്തിരുന്നത്. എന്നാൽ മൂന്ന് കോടി ചെലവഴിച്ച് ഇതിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാനാവില്ലെന്ന് കരാറുകാർ വ്യക്തമാക്കിയതോടെ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയുമാണ് ഇപ്പോൾ നിർമിച്ചത്. ഗ്രൗണ്ട് ഫ്ലോറിൽ ഫയർ സർവിസിന്റെ ജീപ്പുകൾക്ക് നിർത്താനുള്ള ഗ്യാരേജ്, ഹെവി വാഹനങ്ങൾ നിർത്തുന്നതിനുള്ള ഗ്യാരേജ്, മെക്കാനിക്കൽ റൂം, ഇലക്ട്രിക്കൽ റൂം, ഇന്ധന-ദ്രാവകങ്ങൾ സൂക്ഷിക്കാനുള്ള റൂം, വാച്ച്മാൻ റൂം, ഇലക്ട്രിക്കൽ ഡി.ബി റൂം, പ്രവേശന ഭാഗം എന്നിവയും ഒന്നാം നിലയിൽ ഓഫിസ്, സ്റ്റെയർ റൂം ലോബി, പാസേജ് ഇലക്ട്രിക്കൽ ഡി.ബി റൂം, ഡിസ്േപ്ല റൂം, വൈദ്യ പരിശോധന റൂം, റെക്കോഡ് റൂം, ശുചിമുറികൾ, സ്റ്റേഷനറി റൂം, സ്റ്റേഷൻ മാസ്റ്റർ കാര്യാലയം, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ കാര്യാലയം, കുടിവെള്ള വിതരണ സംവിധാനങ്ങൾ, ഗസ്റ്റ് റൂം, ഡോർമെറ്ററി, കിച്ചൺ എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മുൻവശത്ത് നാല് നിലയിലും പിന്നിൽ മൂന്ന് നിലയിലുമായി പണികഴിപ്പിക്കുന്ന രീതിയിലായിരുന്നു കെട്ടിടത്തിന്റെ രൂപകൽപന.
സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. 2016 മുതൽ നഗരസഭയുടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് അഗ്നിരക്ഷാ സേന ഓഫിസ് പ്രവർത്തിക്കുന്നത്.