മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ്മോർട്ടം നിർത്താൻ നീക്കം
text_fieldsമഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ജീവനക്കാർ തമ്മിലുള്ള പടലപ്പിണക്കം മൂലം രാത്രികാല പോസ്റ്റ്മോർട്ടം നിർത്തലാക്കാൻ നീക്കം. ഫോറൻസിക് വിഭാഗം മേധാവിയും ചില ഡോക്ടർമാരും ഒരു വിഭാഗവും മറ്റു ഡോക്ടർമാർ മറ്റൊരു വിഭാഗവുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നതായാണ് വിവരം.
രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് വകുപ്പ് മേധാവിയുടെ പക്ഷം. എന്നാൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ രാത്രിയിലും ജോലി ചെയ്യാൻ ആവില്ലെന്ന നിലപാടുള്ള ഡോക്ടർമാരുമുണ്ട്. ഇവർക്കിടയിലെ പ്രശ്നങ്ങൾ മൂലം രാത്രികാല പോസ്റ്റ്മോർട്ടം നിലച്ച മട്ടാണ്. തിരൂർ ജില്ല ആശുപത്രിയിലെ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം രാത്രികാല പോസ്റ്റ്മോർട്ടത്തിനായി രണ്ട് മൃതദേഹങ്ങൾ മഞ്ചേരിയിൽ എത്തിച്ചെങ്കിലും പോസ്റ്റ്മോർട്ടം നടന്നില്ല.
രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനെതിരെ രണ്ട് ഫോറൻസിക് സർജൻമാർ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (ഡി.എം.ഇ) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുശേഷം മഞ്ചേരിയിൽ രാത്രികാല പോസ്റ്റ്മോർട്ടം കാര്യമായി നടന്നിട്ടില്ല.
2024 സെപ്റ്റംബറിലാണ് മഞ്ചേരി മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ്മോർട്ടം തുടങ്ങിയത്. ഡിസംബർ വരെ കാര്യക്ഷമമായി നടപടികൾ തുടർന്നു. ഇതിനകം 37 മൃതദേഹങ്ങൾ രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
വകുപ്പ് മേധാവി ഉൾപ്പെടെ ആറ് ഡോക്ടർമാർ നിലവിൽ ഫോറൻസിക് വിഭാഗത്തിലുണ്ട്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ രാത്രിയിലും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനെതിരെ ഫോറൻസിക് സർജൻമാരായ ഡോ.ടി.പി. ആനന്ദ്, ഡോ.രഹനാസ് എന്നിവർ കോടതിയിൽ ഹരജി സമർപ്പിച്ചു.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ ഈ രണ്ട് ഡോക്ടർമാരെയും രാത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ നിർബന്ധിക്കരുതെന്ന കോടതിയുടെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ ഒരു വിഭാഗം ഡോക്ടർമാർ പകലും രാത്രിയും സേവനം ചെയ്യേണ്ടിവരികയും ഒരു വിഭാഗത്തിന് രാത്രികാല പോസ്റ്റ്മോർട്ടം ബാധകമാകാതിരിക്കുകയും ചെയ്തു. ഇത് ഡോക്ടർമാർക്കിടയിൽ പ്രയാസം സൃഷ്ടിച്ചു. രാത്രികാല പോസ്റ്റ്മോർട്ടം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഏറെ ആശ്വാസമായിരുന്നു.