മഞ്ചേരി മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഇന്ന് പുനരാരംഭിക്കും
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച മുതൽ രാത്രികാല പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. രണ്ട് മാസത്തിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പോസ്റ്റ്മോർട്ടമാണ് പൂർണാർത്ഥത്തിൽ തുടങ്ങുന്നത്. വകുപ്പ് മേധാവിയും മറ്റു രണ്ട് ഡോക്ടർമാരും രണ്ട് സീനിയർ റസിഡന്റുമാരുമാണ് രാത്രികാല പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുക. മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെയും ജീവനക്കാരെ നിയമിക്കാതെയും രാത്രികാല പോസ്റ്റ്മോർട്ടം നടത്തരുതെന്ന ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാരുടെ പരാതിയിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ പുനരാരംഭിക്കാനുള്ള തീരുമാനം എടുത്തത്.
ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ രാത്രിയിൽ പോസ്റ്റ്മോർട്ടത്തിന് നിർബന്ധിക്കരുതെന്ന ഹൈകോടതിയുടെ അനുകൂല വിധി സമ്പാദിച്ച രണ്ട് ഡോക്ടർമാരെ ഉൾപ്പെടുത്താതെയാകും നടപടികൾ. വൈകീട്ട് ഏഴുവരെ എത്തുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു നൽകും. കൊലപാതകം, പീഡനത്തെത്തുടർന്നുള്ള മരണം, വിഷബാധയേറ്റ് മരിച്ചവർ, സംശയാസ്പദമായ സാഹചര്യത്തിൽ കിട്ടുന്ന മൃതദേഹം എന്നിവ ഒഴിച്ചുള്ളവയാകും രാത്രി പോസ്റ്റ്മോർട്ടം ചെയ്യുക.
പോസ്റ്റ്മോർട്ടം നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ കോളജ് അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ പരാതികൾ നൽകി. രാത്രി പോസ്റ്റ്മോർട്ടം നിർത്തലാക്കില്ലെന്ന് ആരോഗ്യ മന്ത്രി യു.എ. ലത്തീഫ് എം.എൽ.എക്ക് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാരുടെയും ഭൗതികസൗകര്യങ്ങളുടെയും കുറവുകാരണം സംസ്ഥാനത്തെ മഞ്ചേരി ഒഴികെയുള്ള മെഡിക്കൽ കോളജുകളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് പോസ്റ്റ്മോർട്ടം.
വൈകിയെത്തുന്ന മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് പിറ്റേ ദിവസമാണ് പോസ്റ്റുമോർട്ടം നടത്താറുള്ളത്. ഇത് ബന്ധുക്കൾക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. 2024 സെപ്റ്റംബറിലാണ് സംസ്ഥാനത്ത് ആദ്യമായി മഞ്ചേരി മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങിയത്. ഇതിനകം 37 മൃതദേഹങ്ങൾ രാത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വകുപ്പ് മേധാവി ഉൾപ്പടെ ആറു ഡോക്ടർമാർ നിലവിൽ ഫൊറൻസിക് വിഭാഗത്തിലുണ്ട്.