ഒതായി മനാഫ് വധക്കേസ്; 30 വർഷം നീണ്ട നിയമപോരാട്ടം
text_fieldsമനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പന്‍ അബൂബക്കർ, കുടുംബാംഗം റസൽ എന്നിവർ മഞ്ചേരി കോടതിയിൽ
മഞ്ചേരി: ‘25 പ്രതികളിൽ ഒരാൾക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഒട്ടേറെ പ്രയാസങ്ങളുണ്ടായെങ്കിലും കുടുംബത്തിന്റെ നിശ്ചയദാർഢ്യമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ സഹായിച്ചത്’ -ഒതായി മനാഫ് വധക്കേസിലെ വിധിക്ക് സാക്ഷിയാകാൻ കോടതിയിലെത്തിയ മനാഫിന്റെ പിതൃസഹോദരൻ പള്ളിപ്പറമ്പന്‍ അബൂബക്കറിന്റെ വാക്കുകൾ.
ഒന്നും രണ്ടുമല്ല, 30 വർഷമാണ് കുടുംബം നിയമപോരാട്ടം നടത്തിയത്. ഒന്നാം പ്രതി മാലങ്ങാടന് ഷെഫീഖിനെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞതോടെ കുടുംബത്തിന്റെ നിയമപോരാട്ടമാണ് വിജയിച്ചത്. 30 വർഷത്തിനിടെ ഞങ്ങളുടെ ജീവിതം ആകെ മാറിമറിഞ്ഞു. ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടു. പി.വി. അൻവറിന്റെ സ്വാധീനവും കേസിൽ പ്രതികൂലമായി. വെറുതെവിട്ട പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ പ്രോസിക്യൂട്ടർക്ക് സാധിച്ചില്ല. അവർ പ്രതികളുമായി ഒത്തുകളിച്ചു. എങ്കിലും മുഖ്യപ്രതിക്ക് ശിക്ഷ നൽകാൻ ഞങ്ങൾക്ക് സാധിച്ചെന്നും അബൂബക്കർ പറഞ്ഞു.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍
കൊല്ലപ്പെടുന്നതിന്റെ തലേന്ന് രാത്രിയിൽ എടവണ്ണയിൽവെച്ച്, വെറുതെവിട്ട പ്രതികളിലൊരാളുമായി മനാഫും അബൂബക്കറിന്റെ ബന്ധുവും ചെറിയ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതികൾ മനാഫിന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിടുകയും സഹോദരങ്ങളെ അടക്കം മർദിക്കുകയും ചെയ്തു.
ഇവിടെ നിന്ന് പോയ ശേഷമാണ് പട്ടാപ്പകൽ മനാഫിനെ അങ്ങാടിയിൽ കുത്തിക്കൊലപ്പെടുത്തിയതെന്നും കുടുംബം പറഞ്ഞു. അബൂബക്കറിന് പുറമെ മനാഫിന്റെ സഹോദരങ്ങളായ അബ്ദുൽ റസാഖ്, മൻസൂർ, അബ്ദുൽ ജലീൽ, സഹോദരി റജീന, ഭർത്താവ് സക്കീർ, അബൂബക്കറിന്റെ സഹോദരപുത്രൻ റസൽ എന്നിവരും കോടതിയിലെത്തിയിരുന്നു. വെറുതെവിട്ട രണ്ടാം പ്രതി ഷെരീഫിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുമെന്ന് അബൂബക്കര്‍ പറഞ്ഞു.


