പ്രണയം നടിച്ച് എട്ട് പവന് കവർന്ന കേസ്: പ്രതിക്ക് കഠിനതടവും പിഴയും
text_fieldsമഞ്ചേരി: പ്രണയം നടിച്ച് വീട്ടമ്മയുടെ എട്ട് പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) രണ്ടു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം വെള്ളറട ദാലുമുഖം മറവന്‍കോട് തെക്കേക്കര പുത്തന്‍വീട് എം.ജി അനീഷിനെയാണ് (36) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം.
2020 ജനുവരി 15നാണ് സംഭവം. 31കാരിയായ വീട്ടമ്മയെ പ്രതി കോട്ടക്കല്‍ ചങ്കുവെട്ടിയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായും പരാതിയില്‍ പറയുന്നു. കോട്ടക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ.ഒ. പ്രദീപ്, എം.കെ. ഷാജി എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു.