മെഡിക്കൽ കോളജിൽ ജനൽ അടർന്നുവീണ സംഭവത്തിൽ ഗുരുതര വീഴ്ച
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നു വീണതിന് പിന്നിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. യഥാസമയം അറ്റകുറ്റപ്പണിയോ പരിശോധനയോ നടത്താത്തതാണ് അപകടത്തിന് ഇടയാക്കിയത്. അടർന്നു വീണ ജനൽ നേരത്തെ എന്തോ ആവശ്യത്തിനായി അഴിച്ചുവെച്ചിരുന്നു. എന്നാൽ തിരിച്ച് ഇത് പുനഃസ്ഥാപിച്ചപ്പോൾ സ്ക്രൂ വെച്ച് ഉറപ്പിക്കാത്തതാണ് അപകടത്തിലേക്ക് വഴിവെച്ചത്.
അഞ്ചുനില കെട്ടിടത്തിൽ എല്ലാനിലകളിലും ഇരുമ്പ് ജനലുകൾ ഭദ്രമായി ഉറപ്പിച്ചിട്ടുണ്ട്. ഒന്നാം നിലയിലെ ഒരു ജനൽ ആണ് കാറ്റിൽ വീണത്. ജനലിലൂടെ താഴത്തെ നിലയിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ കയറ്റാൻ ജനൽ ഊരി തിരികെ വച്ചപ്പോൾ ഉറപ്പിക്കാത്തതാണ് പെട്ടെന്ന് കാറ്റിൽ വീഴാൻ കാരണമായതെന്നാണ് കണ്ടെത്തൽ. താഴെനിന്നു ജനലിനു സമീപത്തെ പ്ലാറ്റ് ഫോമിലേക്ക് കയറ്റി ജനൽ വഴി അകത്തേക്ക് കൊണ്ടുപോയതാകാമെന്ന് കരുതുന്നു.
ഏത് വകുപ്പിലേക്കാണ് സാധനങ്ങൾ കയറ്റിയതെന്ന് അറിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച മെഡിക്കൽ കോളജ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കെട്ടിടം പരിശോധിച്ചു. തകർന്നു വീണ ജനൽ താൽക്കാലികമായി പുനഃസ്ഥാപിച്ചു. വെൽഡ് ചെയ്ത് ഭദ്രമാക്കിയതിനു ശേഷമേ വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കുകയുള്ളൂ. കെട്ടിടത്തിന് യഥാസമയം അറ്റകുറ്റപണി നടത്താൻ ഫണ്ട് ലഭിക്കുന്നില്ലെന്ന് പൊതുമരാമത്ത് വിഭാഗം ജില്ല കലക്ടറെ അറിയിച്ചു. ജനൽ ദേഹത്ത് വീണ് പരിക്കേറ്റ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ ബി.ആദിത്യ, പി.നയന എന്നിവർ ആശുപത്രി വിട്ടു.
മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഫിസിയോളജി ഡെമോൻസ്ട്രേഷൻ ഹാളിലെ ഇരുമ്പ് ജനൽ ആണ് തിങ്കളാഴ്ച വൈകിട്ട് 3.45 ന് ക്ലാസ് മുറിയിലേക്കു നിലം പൊത്തിയത്. 15 വർഷം മുമ്പ് കോളജ് നിലവിൽ വരുന്നതിനു മുമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കായാണ് ഈ കെട്ടിടം നിർമിച്ചത്. ഇത് പിന്നീട് മെഡിക്കൽ കോളജിനു വേണ്ടി കൈമാറുകയായിരുന്നു. നഴ്സിങ് കോളജിനു സ്വന്തം കെട്ടിടം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിന്റെ ഈ കെട്ടിടത്തിലെ ക്ലാസ് മുറികളാണ് നഴ്സിങ് ക്ലാസ് ആയി ഉപയോഗിക്കുന്നത്.
ജനൽ അടർന്നു വീണ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രിൻസിപ്പലിനെ അടക്കം തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. അതേസമയം, മെഡിക്കൽ കോളജിലെ വിവിധ കെട്ടിടങ്ങൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ലഭിക്കുന്നില്ലെന്ന് പൊതുമരാമത്ത് വിഭാഗം ജില്ല കലക്ടറെ അറിയിച്ചു. ഒരു വർഷം മുമ്പ് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു.