യുവതിക്ക് പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
text_fieldsആസിഫലി
മഞ്ചേരി: പട്ടികജാതിക്കാരിയായ യുവതിയെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും വിധിച്ചു. വേങ്ങര നെല്ലിപ്പറമ്പ് വെട്ടുതോട് മംഗലത്തൊടി ആസിഫലിയെയാണ് (35) മഞ്ചേരി എസ്.സി/ എസ്.ടി സ്പെഷല്‍ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം അധിക തടവ് അനുഭവിക്കണം.
മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട 19കാരിയെ പ്രതി വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ച് പ്രണയം നടിച്ച് വശീകരിക്കുകയായിരുന്നു. 2022 ഏപ്രില്‍ 28ന് യുവതിയെ പ്രതി നിര്‍ബന്ധിച്ച് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
യുവതിയെ മർദിക്കുകയും ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടതായും പരാതിയിൽ പറയുന്നു. മലപ്പുറം വനിത പൊലീസ് എസ്.ഐ സന്ധ്യാദേവി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈ.എസ്.പിമാരായിരുന്ന പി.എം. പ്രദീപ്, പി. അബ്ദുല്‍ ബഷീര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്.