വേട്ടേക്കോടിനെ വീണ്ടെടുക്കും; ഖര മാലിന്യം നീക്കുന്ന പ്രവൃത്തിക്ക് തുടക്കം
text_fieldsവേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്നതിന്റെ ഭാഗമായ ബയോ മൈനിങ് പ്രവൃത്തിയുടെ സ്വിച്ച് ഓൺ ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിക്കുന്നു
മഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബയോ മൈനിങ് പ്രവൃത്തിയുടെ സ്വിച്ച് ഓൺ ജില്ല കലക്ടർ വി.ആർ. വിനോദ് നിർവഹിച്ചു.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ല്യു.എം.പി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തത്. 1.10 ഏക്കർ ഭൂമിയിൽനിന്ന് 20902 മെട്രിക് മാലിന്യമാണ് നീക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുക.
ഒരു മാസത്തിനുള്ളിൽ വേട്ടേക്കാട്ടുനിന്ന് മാലിന്യം പൂർണമായി നീക്കം ചെയ്യും. 2.75 കോടിയാണ് ചെലവ്. മാലിന്യം തരംതിരിക്കുന്നതിനാവശ്യമായ ആധുനിക യന്ത്രം കഴിഞ്ഞ ദിവസം വേട്ടേക്കോട്ട് എത്തിച്ചിരുന്നു.
ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ബയോ മൈനിങ്ങും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. കുമിഞ്ഞുകൂടിയ മാലിന്യം കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യം സിമൻറ് കമ്പനിയിലേക്ക് കയറ്റി അയക്കും.
ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, എൽസി ടീച്ചർ, വാർഡ് കൗൺസിലർ ബേബി കുമാരി, മുനിസിപ്പൽ സെക്രട്ടറി പി. സതീഷ് കുമാർ, ബയോ മൈനിങ് പദ്ധതി നിർവഹണത്തിനുള്ള ജില്ല മോണിറ്ററിങ് ചെയർമാനും എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയറുമായി സി.ആർ. മുരളീകൃഷ്ണൻ, മുൻ നഗരസഭ ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി, മഞ്ചേരി അഗ്നിരക്ഷ നിലയം മേധാവി പി.വി. സുനിൽ കുമാർ, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, റഷീദ് പറമ്പൻ, എ.എം. സൈതലവി, കെ. ഉബൈദ്, ആർ.ജെ. രാഗി, ഡോ. സി. ലതിക, എൽ. ദേവിക, ഇ. വിനോദ് കുമാർ, എ. ശ്രീധരൻ, ബീന സണ്ണി, പി. വിജീഷ്, പ്രസാദ് ഗോപാൽ, പി.പി. സറഫുന്നീസ, സഹദ് മിർസ എന്നിവർ സംസാരിച്ചു.
മുഖം മിനുക്കാൻ പാർക്ക് വരുന്നു
മഞ്ചേരി: വേട്ടേക്കോടിന്റെ മുഖച്ഛായ മാറ്റാൻ പാർക്ക് വരുന്നു. മാലിന്യം പൂർണമായി നീക്കം ചെയ്ത ശേഷമാണ് 1.5 ഏക്കറിൽ നഗരസഭയുടെ നേതൃത്വത്തിൽ പാർക്ക് ഒരുക്കുക.
വർഷങ്ങളായി മാലിന്യം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു പ്രദേശവാസികൾ. കിണറുകളിലെ വെള്ളം പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
ഖര മാലിന്യം നീക്കം ചെയ്യുമ്പോൾ ഒരു തരത്തിലുള്ള ആശങ്ക വേണ്ടെന്നും എല്ലാവിധ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. ശാസ്ത്രീയ രീതിയിലാണ് മാലിന്യം നീക്കുന്നത്. വേനൽ ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്യുന്നുണ്ട്. പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രവൃത്തിയുടെ വിവരങ്ങളും മറ്റും അറിയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.