വിദ്യാർഥികളെ വട്ടംകറക്കി വിദ്യാഭ്യാസ വകുപ്പ്; ഉപജില്ല അത്ലറ്റിക് മത്സരങ്ങളും ജില്ല ഗെയിംസ് മത്സരങ്ങളും ഒരേ ദിവസങ്ങളിൽ
text_fieldsമഞ്ചേരി: ജില്ല സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഉപജില്ല മത്സരങ്ങൾ പൂർത്തിയാക്കാത്തത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഒക്ടോബർ ആറ് മുതൽ 16 വരെയാണ് ജില്ല മത്സരങ്ങൾ നടത്തുന്നത്. എന്നാൽ, ഈ ദിവസങ്ങളിൽ തന്നെയാണ് പല ഉപജില്ലകളിലും അത്ലറ്റിക് മത്സരങ്ങളും നടത്തുന്നത്. ഗ്രൂപ് ഇനങ്ങളിൽ പങ്കെടുക്കേണ്ട പല വിദ്യാർഥികളും തന്നെയാണ് സ്കൂളിനായി ഉപജില്ല മത്സരങ്ങളിൽ അണിനിരക്കുന്നത്.
ഇത് വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് കായികാധ്യാപകർ പറയുന്നു. മേലാറ്റൂർ, പെരിന്തൽമണ്ണ, വേങ്ങര, തിരൂർ ഉപജില്ലകൾ മാത്രമാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്. മഞ്ചേരി, കൊണ്ടോട്ടി, വണ്ടൂർ, അരീക്കോട്, നിലമ്പൂർ, കിഴിശ്ശേരി ഉപജില്ല മത്സരങ്ങൾ ആറ് മുതൽ 10 വരെയുള്ള ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളത്. മലപ്പുറം ഉപജില്ല മത്സരങ്ങൾ 10, 11 തീയതികളിലുമാണ്.
ഫുട്ബാൾ, കബഡി മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളാണ് അധികവും ത്രോ, ജംപ് ഇനങ്ങളിലും മത്സരിക്കുന്നത്. ജില്ല മത്സരങ്ങൾക്കായി വിദ്യാർഥികൾ പരിശീലനം നടത്തി വരികയും ചെയ്തിരുന്നു. തീയതി പ്രഖ്യാപിച്ചതോടെ മത്സരങ്ങളിൽ എങ്ങനെ പങ്കെടുക്കുമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. സൈക്ലിങ്, ചെസ്, ഫുട്ബാൾ, കബഡി, ബേസ് ബാൾ, ടേബിൾ, ടെന്നീസ്, ബാസ്കറ്റ്ബാൾ, ബാഡ്മിന്റൺ, ഷൂട്ടിങ്, കരാട്ടെ, വാട്ടർ പോളോ തുടങ്ങിയ മത്സരങ്ങാണ് നടക്കുന്നത്. അത്ലറ്റിക്സ് മത്സരങ്ങൾ 16 മുതൽ 18 വരെയും നടക്കും.
ഗെയിംസ് മത്സര തീയതി മാറ്റണം -എം.എസ്.എഫ്
മഞ്ചേരി: ഉപജില്ല അത്ലറ്റിക് മത്സരങ്ങളും ജില്ല ഗെയിംസ് മത്സരങ്ങളും ഒരേ ദിവസങ്ങളിൽ നടത്തുന്നത് വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന് എം.എസ്.എഫ് മഞ്ചേരി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സലീഖ് നെല്ലിക്കുത്ത് പറഞ്ഞു. മാസങ്ങളായി നടത്തുന്ന പരിശീലനങ്ങളും ക്യാമ്പുകളും വെറുതെയാവുമെന്നും തീയതി മാറ്റണമെന്നും ആവശ്യപ്പെട്ടു.


