സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു
text_fieldsസുബ്രതോ കപ്പ് മത്സരത്തിന് മുന്നോടിയായി മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ പുല്ല് വെട്ടുന്നു
മഞ്ചേരി: മതിയായ സൗകര്യങ്ങൾ ഒരുക്കാതെയും ഫുട്ബാൾ താരങ്ങളെ പരീക്ഷിച്ചും സുബ്രതോ കപ്പ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾക്ക് തുടക്കം. അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗം, അണ്ടർ 15 ആൺകുട്ടികളുടെ വിഭാഗം മത്സരങ്ങൾ നേരിട്ട് സംസ്ഥാനതല മത്സരമാക്കി നടത്തിയത് വെല്ലുവിളിയായതോടെയാണ് അണ്ടർ 17 ആൺകുട്ടികളുടെ മത്സരങ്ങൾ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചത്.
എന്നാൽ, ആവശ്യമായ സൗകര്യമൊരുക്കാതെയാണ് മത്സരങ്ങൾ നടത്താനിറങ്ങിയത്. ഗ്രൗണ്ടിൽ മത്സരത്തിനാവശ്യമായ ലൈനുകൾ സജ്ജമാക്കുകയോ ഗോൾ പോസ്റ്റിൽ നെറ്റ് കെട്ടുകയോ ചെയ്തിരുന്നില്ല. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മത്സരങ്ങൾ മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, മൈതാനത്തെ പുല്ല് പോലും വെട്ടിയൊതുക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.
രാവിലെ ഏഴിന് തന്നെ ടീമുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് മഞ്ചേരി എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടത്തിയത്. രാവിലെ എട്ടിന് ആരംഭിക്കുമെന്നായിരുന്നു ഫിക്സ്ചർ പ്രകാരം തീരുമാനിച്ചിരുന്നത്.
എന്നാൽ, ആരംഭിച്ചത് ഉച്ചക്ക് 1.30നാണ്. ബോയ്സ് ഗ്രൗണ്ടിൽ നിന്ന് 12.30ഓടെ കായികതാരങ്ങളോട് മറ്റൊരു വേദിയിലേക്കെത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലൈൻ മാർക്ക് ചെയ്ത് മത്സരം ആരംഭിക്കാനും വൈകി. ചൊവ്വാഴ്ച മത്സരങ്ങൾ പൂർത്തിയാക്കാനും സാധിച്ചില്ല.വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മത്സരങ്ങൾ നടക്കേണ്ടിയിരുന്ന തിരുവാലി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും തിരൂർ വിദ്യാഭ്യാസ ജില്ലയിലെ മത്സരങ്ങൾ നടക്കേണ്ടിയിരുന്ന എടപ്പാൾ ഹൈസ്കൂൾ മൈതാനത്തും സമാനമായിരുന്നു സ്ഥിതി.