സൂപ്പർ ലീഗ് കേരള: കരുത്തുകാട്ടാൻ മലപ്പുറം എഫ്.സി
text_fieldsമഞ്ചേരി: സൂപ്പർ ലീഗ് കേരള ആദ്യ സീസണിൽ വമ്പുകാട്ടി വന്നെങ്കിലും അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന മലപ്പുറം എഫ്.സി രണ്ടാം സീസണിൽ മുന്നേറാൻ മാറ്റങ്ങളുമായി കളത്തിലേക്ക്. ആദ്യ സീസണിലെ നിരാശ മറന്ന് ടീമിന്റെ ആരാധകക്കൂട്ടായ്മയായ ‘അൾട്രാസും’ ആവേശം തീർക്കാൻ ഒപ്പമുണ്ട്. ടീമിന്റെ ലീഗിലെ ആദ്യ മത്സരം വെള്ളിയാഴ്ച ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ്. തൃശൂർ മാജിക് എഫ്.സിയാണ് എതിരാളികൾ.
ആദ്യ സീസണിൽ ഹോം ഗ്രൗണ്ടിൽ ഒരു ജയം പോലും നേടാനാകാതെയാണ് മലപ്പുറം മടങ്ങിയത്. എന്നാൽ, രണ്ടാം സീസണിലെ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകുമ്പോൾ ടീം രണ്ടും കൽപിച്ചുതന്നെയാണ്. സ്പാനിഷ് യുവ പരിശീലകന് മിഗ്വേല്‍ കോറല്‍ ടൊറൈറയുടെ തന്ത്രങ്ങളുമായാണ് ടീമെത്തുന്നത്. ആക്രമണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകി 4-3-3 ശൈലിയിലായിരിക്കും ടീമിറങ്ങുക. ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾമെഷീൻ ഫിജി ഇന്റർനാഷനൽ റോയ് കൃഷ്ണ അടക്കമുള്ള വമ്പൻ താരനിരയും ഇത്തവണ ടീമിന് കരുത്തുപകരും. കിട്ടാവുന്നതിൽ ഏറ്റവും മികച്ച യുവതാരങ്ങളെ ടീമിന്റെ ഭാഗമാക്കി. ആദ്യ സീസണിലെ രണ്ടു താരങ്ങളെ മാത്രമാണ് നിലനിർത്തിയത്. താനൂർ സ്വദേശിയായ സ്ട്രൈക്കർ എം. ഫസലുറഹ്മാനും സ്പാനിഷ് സെന്റർ ബാക്ക് ഐറ്റർ അൽദാലൂരും മാത്രമാണ് 24 അംഗ ടീമിലെ പഴയ താരങ്ങൾ.
ആദ്യ സീസണിലെ ക്യാപ്റ്റൻ അനസ് എടത്തൊടിക ഇത്തവണ സ്പോർട്ടിങ് ഡയറക്ടറുടെ റോളിലാണ്. മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ അനസിന് സാധിച്ചിട്ടുണ്ട്. പ്രതിരോധത്തിന് ‘കാക്കിക്കരുത്ത്’ പകരാൻ കേരള പൊലീസ് താരം സഞ്ജു ടീമിനൊപ്പമുണ്ട്. ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച തിരൂർ സ്വദേശി അബ്ദുൽ ഹക്കുവും പ്രതിരോധക്കോട്ട കാക്കും.
ഗോൾവലക്ക് മുന്നിൽ പൊലീസിന്റെതന്നെ മുഹമ്മദ് അസ്ഹറും ഉണ്ടാകും. കണ്ണൂർ വാരിയേഴ്സിനുവേണ്ടി കളത്തിലിറങ്ങിയ യുവ മുന്നേറ്റതാരം അക്ബർ സിദ്ദീഖ്, കാലിക്കറ്റ് എഫ്.സിക്കായി കഴിഞ്ഞ സീസണിൽ നാലു ഗോൾ നേടിയ ഗനി അഹമ്മദ് നിഗം, ഗോകുലം കേരള യുവതാരം റിസ്വാൻ, ബ്ലാസ്റ്റേഴ്സ് യുവതാരം റിഷാദ് ഗഫൂർ എന്നിവരും മലപ്പുറത്തിന്റെ ജഴ്സിയണിയും.
റോയ് കൃഷ്ണക്കു പുറമെ ബ്രസീലിയൻ യുവതാരം ജോൺ കെന്നഡി, മധ്യനിരയിൽ കരുത്തുപകരാൻ അർജന്റീനിയൻ താരം ഫക്കുണ്ടോ ബല്ലാർഡോ, ഗോളടിച്ചുകൂട്ടാൻ താജികിസ്താനിൽനിന്നുള്ള തീപ്പന്തം കമ്രോൺ തുർസനോവ് എന്നിവരും കരുത്തരായ വിദേശതാരങ്ങളാണ്. മധ്യനിരയിലും മുന്നേറ്റത്തിലും ഇവരുടെ പ്രകടനം ടീമിന് നിർണായകമാകും.


