മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
text_fieldsമുബഷിർ
മഞ്ചേരി: മയക്കുമരുന്നുമായി പിടിയിലായ യുവാവിന് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം പേരശ്ശന്നൂര്‍ പാണ്ടികശാല കൈപ്പള്ളി മുബഷിറിനെയാണ് (29) ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ അധിക തടവ് അനുഭവിക്കണം.
2022 നവംബര്‍ 24ന് രാത്രി ഒമ്പതരക്ക് പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടർ എ.എം. യാസിറാണ് പൊന്ന്യാംകുര്‍ശി ബൈപാസ് റോഡില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 61 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തിരുന്നു. പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.
പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സി. അലവിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 11 സാക്ഷികളെ വിസ്തരിച്ചു. എസ്.ഐ സുരേഷ് ബാബുവായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.