രജിസ്ട്രേഷൻ ലഭിച്ചില്ല; ഹൗസ് സർജൻമാരെ ജൂനിയർ റസിഡന്റുമാരാക്കുന്നത് ഉടനില്ല
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരെ നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരായി (എൻ.എ.ജെ.ആർ) നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കാനാകില്ല.
ഹൗസ് സർജൻമാർക്ക് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ (കെ.എസ്.എം.സി) രജിസ്ട്രേഷൻ ലഭിക്കാത്തതാണ് പ്രതിസന്ധി. 2019 എം.ബി.ബി.എസ് ബാച്ചിന്റെ സേവന കാലാവധിയാണ് ഇപ്പോൾ പൂർത്തിയായത്. 2020 ബാച്ച് വിദ്യാർഥികൾ നാലാംവർഷ പഠനം പൂർത്തിയാക്കി ഹൗസ് സർജൻമാരായി സേവനം ആരംഭിക്കേണ്ട സമയമാണിപ്പോൾ. എന്നാൽ, ഇവരുടെ തിയറി പരീക്ഷ മാത്രമാണ് പൂർത്തിയായത്.
നിലവിലെ ഹൗസ് സർജൻമാരുടെ സേവന കാലാവധി പൂർത്തിയാക്കുകയും പുതിയ ബാച്ച് എത്താതിരിക്കുകയും ചെയ്തതോടെ മെഡിക്കൽ കോളജിൽ ചികിത്സയെ ബാധിക്കുന്ന സ്ഥിതിയുണ്ടായി. അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കമ്മ്യൂനിറ്റി മെഡിസിൻ, സൂപ്പർ സ്പെഷ്യാലിറ്റി എന്നീ വിഭാഗങ്ങളിലാണ് ഇവരുടെ സേവനം ലഭിച്ചിരുന്നത്.
മെഡിക്കൽ കോളജിൽ 88 ഹൗസ് സർജൻമാരാണ് കാലാവധി പൂർത്തിയാക്കിയത്. ഹൗസ് സർജന്മാർക്ക് ഒരു വർഷം സേവനത്തിന് ശേഷം ജോലി ചെയ്യാൻ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭിക്കണം. ഇതിന് ആദ്യം ആരോഗ്യ സർവകലാശാലയുടെ രണ്ടാം പ്രൊവിഷനൽ രജിസ്ട്രേഷൻ നേടണം. 365 ദിവസം സേവനം ചെയ്തതിന്റെ രേഖകളും പ്രൊവിഷനൽ രജിസ്ട്രേഷനും ഉൾപ്പെടുത്തിയാണ് മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇത് വേഗത്തിൽ ചെയ്യാനാകുമെന്നാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറയുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസത്തേക്കാണ് നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമന കാലാവധി.
മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭിക്കാത്തതിനെ തുടർന്ന് ഇവർ ചുമതല ഏൽക്കുന്നത് വൈകിയാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയെ ബാധിക്കും.
ആരോഗ്യ സർവകലാശാല പരീക്ഷ തിയതി പ്രഖ്യാപിച്ച് നടപടികൾ പൂർത്തിയാക്കിയെങ്കിൽ മാത്രമേ 2020ലെ മെഡിക്കൽ വിദ്യാർഥികളുടെ ബാച്ച് ഹൗസ് സർജൻമാരായി സേവനം ചെയ്യാൻ എത്തുകയുള്ളൂ.