പുൽപറ്റയിൽ തുടരാൻ യു.ഡി.എഫ്; ശക്തിതെളിയിക്കാൻ എൽ.ഡി.എഫ്
text_fieldsമഞ്ചേരി: ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പുതന്നെ പുൽപറ്റ പഞ്ചായത്ത് രൂപീകൃതമായിട്ടുണ്ട്. 1956ൽ കേരള പഞ്ചായത്ത് ആക്ട് നിലവിൽവന്ന ശേഷം സംസ്ഥാനത്ത് പഞ്ചായത്തുകൾ രൂപീകൃതമായപ്പോൾ പുൽപറ്റ പഞ്ചായത്തിന്‍റെ ഭരണസമിതി സർക്കാർ നോമിനേറ്റ് ചെയ്ത അഞ്ച് അംഗങ്ങളായിരുന്നു. 1956 മുതൽ 1960 വരെ കാരാപറമ്പ് ഇളയേടത്ത് കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയായിരുന്നു പ്രഥമ പ്രസിഡന്‍റ്. 1961ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ആറ് വാർഡുകളാണ് ഉണ്ടായിരുന്നത്. ഇ.വി. അബൂബക്കർ പ്രസിഡന്‍റായും ടി.പി. മുഹമ്മദ് മുസ്‍ലിയാർ വൈസ് പ്രസിഡന്‍റുമായി.
ഒരുതവണ മാത്രമാണ് പഞ്ചായത്ത് ഇടതുപക്ഷം ഭരിച്ചത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫ് ആധിപത്യം പുലർത്തി. 1995ലാണ് പഞ്ചായത്ത് ഇടതുപക്ഷം ഭരിച്ചത്. അന്ന് കോൺഗ്രസും സി.പി.എമ്മും ഉൾെപ്പടെ ജനകീയ മുന്നണിയായാണ് മത്സരിച്ചത്. 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം 21 ആയി വർധിച്ചു. കഴിഞ്ഞ തവണ 21 സീറ്റിൽ 14 സീറ്റ് നേടിയാണ് യു.ഡി.എഫ് അധികാരം നിലനിർത്തിയത്. 11 സീറ്റ് മുസ്‍ലിം ലീഗും മൂന്ന് സീറ്റ് കോൺഗ്രസിനും ലഭിച്ചു. എൽ.ഡി.എഫ് എട്ട് സീറ്റ് നേടി.
ഇത്തവണ വാർഡ് വിഭജനം പൂർത്തിയായതോടെ മൂന്ന് വാർഡുകൾ വർധിച്ചു 24 ആയി. യു.ഡി.എഫ് ധാരണ പ്രകാരം 16 സീറ്റിൽ മുസ്‍ലിം ലീഗും എട്ട് സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. എൽ.ഡി.ഫിൽ 22 സീറ്റിലും സി.പി.എമ്മാണ് മത്സരിക്കുന്നത്. ഒരുസീറ്റിൽ ജനതാദളും ഒരുസീറ്റിൽ നാഷനൽ ലീഗും മത്സരിക്കുന്നു. കഴിഞ്ഞ തവണ നടപ്പാക്കിയ വികസന തുടർച്ചക്കായാണ് യു.ഡി.എഫ് വോട്ടഭ്യർഥിക്കുന്നത്. എന്നാൽ പഞ്ചായത്തിൽ ശക്തിതെളിയിക്കാനാണ് എൽ.ഡി.എഫ് ശ്രമം. 18284 പുരുഷന്മാരും 18104 സ്ത്രീകളും ഉൾെപ്പടെ 36,388 വോട്ടർമാരാണ് പഞ്ചായത്തിലുള്ളത്.
നിലവിലെ സീറ്റ് നില
യു.ഡി.എഫ് -14
- മുസ്‍ലിം ലീഗ് -11
- കോൺഗ്രസ് -മൂന്ന്
എൽ.ഡി.എഫ് -ഏഴ്
- സി.പി.എം -ആറ്
- ജനതാദൾ -ഒന്ന്


