ഉദ്ഘാടനത്തിനൊരുങ്ങി മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾ
text_fieldsമഞ്ചേരി ഗവ.മെഡിക്കൽ കോളജിൽ ഉദ്ഘാടനത്തിനൊരുങ്ങിയ റേഡിയോളജി ബ്ലോക്ക്
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 11ന് നടക്കും. വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വൈറോളജി ലാബ്, അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ‘ലക്ഷ്യ’ ലേബർ റൂമുകൾ, സി.ടി സ്കാൻ യൂനിറ്റ്, റേഡിയോളജി ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്, ഓഡിറ്റോറിയം, ഇന്റേണൽ റോഡുകൾ, വെയ്റ്റിങ് റൂം, പുതിയ പവർഹൗസ് തുടങ്ങി വിവിധ പദ്ധതികളാണ് സമർപ്പിക്കുന്നത്.
1.20 കോടി രൂപ ചെലവഴിച്ചാണ് ‘ലക്ഷ്യ’ ലേബർ റൂം ഒരുക്കിയത്. ഗർഭിണികൾക്ക് മികച്ച സേവനം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ലോകാരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യമന്ത്രാലയവും നാഷനൽ ഹെൽത്ത് മിഷനും നടപ്പാക്കുന്ന പദ്ധതിയാണ് ‘ലക്ഷ്യ’. വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഐ.സി.യു, അത്യാധുനിക തിയറ്റർ, ലേബർ റൂം, സെപ്റ്റിക് ലേബർ റൂം, ഓട്ടോ ക്ലേവ് റൂം, സ്റ്റെറൈൽ ആൻഡ് നോൺ സ്റ്റെറൈൽ ആൻഡ് നോൺ സ്റ്റെറൈൽ റൂം, ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായുണ്ട്.
1.96 കോടി ചെലവിട്ടാണ് വൈറോളജി ലാബ് യാഥാർഥ്യമാക്കിയത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെയാണ് പരിശോധന. അടിയന്തര പ്രാധാന്യമുള്ള സാമ്പിളുകൾ ഉടൻ പരിശോധിച്ച് റിസൾട്ട് നൽകും. നിപ ബാധിച്ച് ചികിത്സയിലായിരുന്നവരുടെ സ്രവങ്ങളെല്ലാം ഈ ലാബിലാണ് പരിശോധിച്ചിരുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, അധ്യാപക അനധ്യാപക ഹോസ്റ്റലുകൾ, റോഡുകൾ, ഓഡിറ്റോറിയം ഉൾപ്പെടെ 103 കോടി ചെലവിട്ട് ആറ് കെട്ടിടങ്ങളാണ് ഉദ്ഘാടനത്തിന് തയാറായത്. ഇൻവെസ്റ്റിഗേഷൻ ആൻഡ് റേഡിയോളജി ബ്ലോക്ക് 1.10 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്. ഇതിന്റെ താഴത്തെ നിലയിലാണ് എം.ആർ.ഐ യന്ത്രം സ്ഥാപിക്കുന്നത്.
പ്രഫസർമാർ, വകുപ്പ് മേധാവികൾ എന്നിവർക്ക് ഒന്നാംനിലയിൽ മുറികൾ സജ്ജമാക്കും. രണ്ടാംനിലയിൽ ഡെമോൺസ്ട്രേഷൻ മുറികൾ, ടെക്നീഷ്യൻസ്, സീനിയർ/- ജൂനിയർ റസിഡന്റുമാർ എന്നിവർക്കുള്ള വിശ്രമമുറികളാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിശാലമായ കാത്തിരിപ്പ് കേന്ദ്രവും സജ്ജമാക്കും. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡ.ബ്ല്യു.എസ്) മുഖേന അഞ്ച് കോടി രൂപ ചെലവിലാണ് സി.ടി സ്കാൻ യന്ത്രം സ്ഥാപിച്ചത്. 128 സ്ലൈസ് നിലവാരത്തിലുള്ള ആധുനിക യന്ത്രമാണ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.