Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightആര് നേടും മഞ്ചേരി മനം

ആര് നേടും മഞ്ചേരി മനം

text_fields
bookmark_border
ആര് നേടും മഞ്ചേരി മനം
cancel
camera_alt

1.മഞ്ചേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എം. മുസ്തഫ പയ്യനാട് അച്ചാർ കമ്പനിയിലെ തൊഴിലാളികളോട് വോട്ട് തേടുന്നു 2.യു.ഡി.എഫ് മഞ്ചേരി മണ്ഡലം സ്ഥാനാർഥി അഡ്വ. എം.റഹ്മത്തുല്ല പയ്യനാട് ചർച്ചിലെത്തി വോട്ടർമാരെ കണ്ടപ്പോൾ

മഞ്ചേരി: നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മഞ്ചേരി മണ്ഡലത്തിന് മാറിയ ശീലമില്ല. അത് എന്നും മുസ്‍ലിം ലീഗിന്‍റെ ഉറച്ച കോട്ടയാണ്.

ചരിത്രം നിലനിർത്താൻ എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം. റഹ്മത്തുല്ലയാണ് ഇത്തവണ അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. മറുഭാഗത്ത് ചരിത്രം തിരുത്തിയെഴുതാൻ എൽ.ഡി.എഫ് സ്വതന്ത്രനായി വി.എം. മുസ്തഫയും എൻ.ഡി.എ സ്ഥാനാർഥിയായി പത്മശ്രീ അജിത്തും പോരാട്ടരംഗത്തുണ്ട്. സിറ്റിങ് എം.എൽ.എ അഡ്വ. യു.എ. ലത്തീഫിന് പകരക്കാരനായാണ് അഡ്വ. എം. റഹ്മത്തുല്ല എത്തുന്നത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായിരുന്ന റഹ്മത്തുല്ല 2011ലാണ് മുസ്‍ലിം ലീഗിൽ ചേർന്നത്. മുസ്‍ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി, എസ്.ടി.യു സംസ്ഥാന ജന. സെക്രട്ടറി, ദേശീയ ജന. സെക്രട്ടറി, ദേശീയ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചു.

വി.എം. മുസ്തഫ മലബാർ ഡെവലപ്മെൻറ് ഫോറം (എം.ഡി.എഫ്) മുൻ വൈസ് പ്രസിഡന്‍റ്, കേരള മാപ്പിളകലാ അക്കാദമി മഞ്ചേരി ചാപ്റ്റർ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2016ൽ മഞ്ചേരി നിയമസഭ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ് പത്മശ്രീ അജിത്ത്. മഹിളാമോർച്ച നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. നിലവിൽ ബി.ജെ.പി സോഷ്യൽ മീഡിയ കോഓഡിനേറ്ററാണ്.

മഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. എന്നാൽ, 2011നുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ലീഗിന്‍റെ ഭൂരിപക്ഷം കുറഞ്ഞുവരുന്ന സ്ഥിതിയാണ്. 2016ൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി എം. ഉമ്മറിന് 69,779 വോട്ട് ലഭിച്ചു.

സി.പി.ഐ സ്ഥാനാർഥി അഡ്വ. കെ. മോഹൻദാസിന് 50,163 വോട്ട് ലഭിച്ചു. 19,616 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന് നേടാനായത്.

2021ലെ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ അഡ്വ. യു.എ. ലത്തീഫ് 78,836 വോട്ട് നേടി. എതിർസ്ഥാനാർഥിയായ സി.പി.ഐയിലെ നാസർ ഡിബോണ 64,263 വോട്ടും എൻ.ഡി.എ സ്ഥാനാർഥി പി.ആർ. രശ്മിൽനാഥ് 11,350 വോട്ടും നേടി. 14,573 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അഡ്വ. യു.എ. ലത്തീഫ് വിജയിച്ചത്. മണ്ഡലത്തിൽ ആദ്യമായി ചെങ്കൊടി പാറിക്കാൻ എൽ.ഡി.എഫും കരുത്തുകാട്ടാൻ എൻ.ഡി.എയും പോരാട്ടം കടുപ്പിക്കുമെന്നുറപ്പ്.

മഞ്ചേരിക്ക് അനുയോജ്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും - അഡ്വ. എം. റഹ്മത്തുല്ല

മഞ്ചേരിയിലെ എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ചചെയ്ത് മഞ്ചേരിക്ക് അനുയോജ്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളില്‍ ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസനനയമായിരിക്കും നടപ്പാക്കുക. ജനങ്ങള്‍ക്ക് എപ്പോഴും സമീപിക്കാവുന്ന ഒരു ജനപ്രതിനിധിയായി മണ്ഡലത്തിലുണ്ടാകും.

താഴെത്തട്ടിൽനിന്നുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കും -വി.എം. മുസ്തഫ

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മഞ്ചേരി മണ്ഡലം വികസനകാര്യത്തിൽ ഏറെ പിന്നിലാണ്. ഈ മുരടിപ്പ് മാറ്റാൻ താഴെത്തട്ടിൽനിന്നുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കും.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങൾ കൊണ്ടുവരും. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ‘ജനസഭകൾ’രൂപവത്കരിക്കും.

Show Full Article
TAGS:Malappuram localnews Kerala Assembly Election 2026 manjeri 
News Summary - Who will win the heart of Manjeri?
Next Story