മഞ്ചേരിയിൽ 32 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
text_fieldsവൈഷ്ണവ്
മഞ്ചേരി: 32 കുപ്പി മദ്യവുമായി യുവാവ് മഞ്ചേരി എക്സൈസിന്റെ പിടിയിൽ. എടവണ്ണ പുത് ലാട് ഭാഗത്ത് മദ്യ വിൽപന നടത്തിക്കൊണ്ടിരിക്കെ എടവണ്ണ സ്വദേശി അയ്യാംമഠത്തിൽ വീട്ടിൽ വൈഷ്ണവിനെയാണ് (33) എക്സൈസ് സംഘം പിടികൂടിയത്. 32 കുപ്പികളിലായി സൂക്ഷിച്ച 16 ലിറ്റർ മദ്യവുമായി മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. സ്ഥിരമായി എടവണ്ണ, കല്ലിടുമ്പ് ഭാഗങ്ങളിൽ മദ്യവിൽപന നടത്തിയിരുന്ന ആളാണ് വൈഷ്ണവ്.
ഒരു വർഷം മുമ്പ് സ്കൂട്ടറിൽ മദ്യ വിൽപന നടത്തുന്നതിനിടെ ഇയാളെ എക്സൈസ് സംഘം പിടികൂടി റിമാൻഡിലായിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി വീണ്ടും മദ്യ വിൽപന നടത്തുന്നതിനിടയാണ് വൈഷ്ണവ് പിടിയിലായത്.
ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ് അറിയിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ സി.ടി. അക്ഷയ്, ഷഹദ് ശരീഫ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എം.ഉണ്ണികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.