മങ്കട നാടിപ്പാറയിൽ സാംസ്കാരിക കേന്ദ്രം വേണം
text_fieldsമങ്കട: മങ്കട ഗ്രാമപഞ്ചായത്തിൽ പ്രകൃതി ഭംഗി കൊണ്ടനുഗ്രഹീതമായ കർക്കടകം നാടിപ്പാറയിലെ 3.8 ഏക്കർ റവന്യൂ ഭൂമിയിൽ പഞ്ചായത്തിന്റെ സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ ചരിത്ര, പൈതൃക, മ്യൂസിയവും പാർക്കും അടങ്ങുന്ന കേന്ദ്രം ഒരുക്കണമെന്ന് ആവശ്യം. ചേരിയം മലയുടെയും മറ്റു പച്ചകുന്നുകളുടെയും വിശാലമായ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ഇടമാണ് നാടിപ്പാറ പ്രദേശം. ഈ ഭാഗത്ത് ടൂറിസം പദ്ധതികൾ ഒരുക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.
മങ്കട പഞ്ചായത്തിൽ മങ്കട രവിവർമ സ്മാരക കെട്ടിടം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്താനാവാത്ത ഒരു സാഹചര്യവും ഉണ്ട്. ഒട്ടനവധി നവോത്ഥാന നായകരെയും ചരിത്രപുരുഷൻമാരെയും എഴുത്തുകാരെയും സംഭാവന ചെയ്ത നാടാണ് മങ്കട. എന്നാൽ ഇവരെയൊന്നും ഓർക്കുന്നതിനുള്ള ഒരു സ്മാരക കേന്ദ്രം മങ്കടയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് മങ്കടയിലെ പൈതൃക സാംസ്കാരിക കേന്ദ്രം എന്ന നിലയിൽ ചരിത്ര മ്യൂസിയം, ലൈബ്രറി എന്നിവ അടക്കമുള്ള ഒരു സാംസ്കാരിക കേന്ദ്രം വേണമെന്ന് ആവശ്യം ഉയരുന്നത്. സൈൻ മങ്കട എന്ന സന്നദ്ധ സംഘടനയും ഈ ആവശ്യവുമായി രംഗത്തുണ്ട്.
ലോക തലത്തിൽ തന്നെ ശ്രദ്ധേയനായ സിനിമാറ്റോഗ്രാഫർ മങ്കട രവിവർമ ഇന്നും ഓർമയുടെ ഓരത്താണ്. എന്നാൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന ഈ പ്രദേശത്ത് എ.ബി.സി സെന്റർ, മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ സ്ഥാപിക്കാനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ജനവാസകേന്ദ്രം കൂടിയായ ഈ പ്രദേശത്ത് ഇത്തരം സംഗതികൾ വരുന്നത് പ്രകൃതിക്കും മനുഷ്യ വാസത്തിനും വലിയ ദോഷം ചെയ്യുമെന്നും പരാതിയുണ്ട്.