എതിർപ്പുകൾക്കിടയിലും ജനവാസ കേന്ദ്രത്തിൽ എ.ബി.സി സെന്ററിന് നീക്കം
text_fieldsമങ്കട: ജില്ലയിലെ തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി സെന്റർ കർക്കിടകത്ത് സ്ഥാപിക്കാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. മങ്കട പഞ്ചായത്തിലെ കർക്കിടകം നാടിപാറയിലെ സർവെ നമ്പർ 48/1ൽ ഉൾപ്പെട്ട റവന്യൂ ഭൂമിയിലാണ് 50 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് വീണ്ടും വന്നത്.
ഈ വിഷയത്തിൽ പ്രദേശത്തുകാരുടെ എതിർപ്പും മങ്കട പഞ്ചായത്തിന്റെ എതിർവാദങ്ങളും പരിഗണിക്കാൻ നിർവാഹമില്ലെന്ന നിലയിലാണ് ഉത്തരവ് വന്നത്. ഭൂമിയുടെ ലീസ് പ്രപ്പോസൽ സമർപ്പിക്കുന്നതോടെ എ.ബി.സി കേന്ദ്രം യാഥാർഥ്യമാകുമെന്നാണ് വിവരം.
മങ്കട വില്ലേജിലെ കർക്കിടകം ദേശത്ത് കണ്ടെത്തിയ 3.8 ഏക്കർ വരുന്ന ഈ റവന്യു ഭൂമി ജനവാസ കേന്ദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ 100 മീറ്ററിനുള്ളിൽ 1000 ത്തോളം വിദ്യാർഥികൾ പഠിക്കുന്ന എൻ.സി.ടി ഹൈസ്കൂളും 200 മീറ്ററിന് അകത്ത് കർക്കിടകം ജി.എൽ.പി സ്കൂളും അംഗൻവാടിയും സ്ഥിതി ചെയ്യുന്നുണ്ട്.
സ്ഥലത്തിന്റെ ഒരതിരിൽ മണ്ണാർകുണ്ട് എസ്.സി നഗറും തൊട്ടടുത്ത് കരുമുത്ത് എസ്.സി നഗറും ഉണ്ട്. കൂടാതെ ചുറ്റിലും ധാരാളം വീടുകൾ നിലവിൽ ഇവിടെ സ്ഥിതി ചെയ്യുന്നുമുണ്ട്. ഇപ്പോൾ എ.ബി.സി സെന്റർ നിലവിൽ ഉള്ള ജില്ലകളിൽ അവ സ്ഥാപിച്ചത് ജനവാസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആണെന്നിരിക്കെ, ജനവാസ മേഖലയിൽ ഇത് സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതൽ തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നു.
അതോടെ വേറെ സ്ഥലം അന്വേഷിക്കാമെന്നായെങ്കിലും സ്ഥലം കിട്ടാത്തതിനെ തുടർന്ന് വീണ്ടും നാടിപ്പാറ തന്നെ നിർദേശിക്കപ്പെടുകയാണുണ്ടായത്. അതോടൊപ്പം തന്നെ ഇതേ ഭൂമിയിൽ മങ്കട പഞ്ചായത്തിന്റെ എം.സി.എഫിനും(മാലിന്യ ശേഖരണ കേന്ദ്രം) 50 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്.
പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം ഇതോടെ മലിനമായിത്തീരും. ഈ ഭൂമിയിൽ മങ്കട പഞ്ചായത്തിനു കീഴിൽ സാംസ്കാരിക കേന്ദ്രവും പാർക്കും സ്ഥാപിക്കണമെന്ന ആവശ്യവും നേരത്തെ തന്നെയുണ്ട്. ജനവാസ കേന്ദ്രത്തിലെ എ.ബി.സി സെൻററിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷസമരപരിപാടികൾ നടത്തുമെന്നും വാർഡംഗം ടി.കെ. അലി അക്ബർ പറഞ്ഞു.