തദ്ദേശ തെരഞ്ഞെടുപ്പ്; മങ്കടയില്‍ ഇത്തവണ പോര് മുറുകും
text_fieldsമങ്കട: 1962 ജനുവരി 1നാണ് മങ്കട ഗ്രാമപഞ്ചായത്ത് ആദ്യ ഭരണസമിതി നിലവില്‍ വന്നത്. വടക്ക് കൂട്ടിലങ്ങാടി, ആനക്കയം, പഞ്ചായത്തുകളും കിഴക്ക് അങ്ങാടിപ്പുറം കീഴാറ്റൂര്‍ പഞ്ചായത്തുകളും തെക്ക് അങ്ങാടിപ്പുറം പുഴക്കാട്ടിരി പഞ്ചായത്തുകളും പടിഞ്ഞാറ് കൂട്ടിലങ്ങാടി മക്കരപ്പറമ്പ പഞ്ചായത്തുകളും അതിരിടുന്നു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ മൂന്ന് തവണ മാത്രമേ ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചിട്ടുള്ളൂ.
2020ല്‍ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ച മങ്കട പഞ്ചായത്തില്‍ ഇത്തവണ പോര് മുറുകും. വാര്‍ഡ് വിഭജനവും മറ്റു മാറിയ സാഹചര്യങ്ങളും ഇരു മുന്നണികള്‍ക്കും ശുഭ പ്രതീക്ഷകളും അതേസമയം ആശങ്കകളുമുണ്ട്. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ഏറിയ പങ്കും യു.ഡി.എഫിനാണ് ഭരണം ലഭിച്ചതെങ്കിലും 2015 ല്‍ യു.ഡി.എഫില്‍നിന്ന് ഇടതുപക്ഷം ഭരണം തിരിച്ചുപിടിക്കുകയുണ്ടായി. കേവലം ഒരു സീറ്റിന്റെ വ്യത്യാസത്തിനാണ് അന്ന് യു.ഡി.എ.ഫിന് ഭരണം നഷ്ടമായത്. എന്നാല്‍ 2020ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടുകൂടി യു.ഡി.എഫ് തിരിച്ചുവരവ് നടത്തി. ആകെയുള്ള 18 വാര്‍ഡില്‍ 12 സീറ്റും നേടിയാണ് യു.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്.
പല വാര്‍ഡുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിര്‍ണായക വോട്ടുകളാണ് യു.ഡി.എഫിന് സഹായകമായത്. എന്നാല്‍ ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന്റെ കൂടെയില്ല. അഞ്ച് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്. കൂടാതെ എസ്.ഡി.പി.ഐക്കും രണ്ട് സ്ഥാനാർഥികള്‍ ഉണ്ട്. എട്ട് സീറ്റുകളില്‍ ബി.ജെപിയും മത്സരിക്കുന്നു. 18 വാര്‍ഡുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ മൂന്നു വാര്‍ഡുകള്‍ പുതുതായി വന്നിട്ടുണ്ട്. ആകെ 21 വാര്‍ഡുകളിലേക്കാണ് മത്സരം.
2020 കക്ഷിനില
യു.ഡി. എഫ്: 12
(മുസ്‍ലിം ലീഗ് 10, കോണ്‍ഗ്രസ് 2)
എല്‍.ഡി.എഫ്: 6 (സി.പി.എം: 4 സി.പി.ഐ: 2)


