മലബാർ സമരം: സൗഹൃദ സ്മാരകമായി മങ്കട ജുമാ മസ്ജിദ്, പള്ളി പണിയാന്‍ സഹായിച്ചത് കോവിലകം
text_fieldsമങ്കട ജുമാ മസ്ജിദ്
മങ്കട: മലബാർ സമരകാലത്ത് കലുഷിതമായ സാമൂഹികാന്തരീക്ഷത്തിൽ സൗഹാർദത്തിെൻറ മാതൃകയായി നിലകൊണ്ട മങ്കട ജുമാ മസ്ജിദ് ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നു. 1921ല്‍ മലബാര്‍ സമരകാലത്ത് വള്ളുവനാടിെൻറ ആസ്ഥാനമായിരുന്ന മങ്കട കോവിലകത്തിന് കാവല്‍നിന്ന് സംരക്ഷണം നല്‍കിയതിന് മുസ്ലിംകള്ക്ക് സമ്മാനമായി അന്നത്തെ വള്ളുവക്കോനാതിരി നല്കിയ ഉപഹാരമാണ് മസ്ജിദ്.
മലബാര്‍ സമരക്കാര്‍ക്കിടയില്‍ ബ്രിട്ടീഷ് എജൻറുമാരും സാമൂഹിക വിരുദ്ധരും നുഴഞ്ഞുകയറി വള്ളുവനാടിെൻറ പല ഭാഗങ്ങളിലും അക്രമസംഭവങ്ങള്‍ ഉണ്ടായെങ്കിലും മങ്കട കോവിലകത്തെ ബാധിച്ചില്ല. സമരത്തിെൻറ മറവില്‍ സാമൂഹികവിരുദ്ധര്‍ പെരിന്തല്‍മണ്ണ ട്രഷറി കൊള്ളയടിച്ച വാര്‍ത്തയെ തുടര്‍ന്നാണ് കോവിലകത്തിന് കാവല്‍ ഏര്‍പ്പെടുത്തുന്നത്. 15 കാവല്‍പുരകള്‍ പണിതു. മൊത്തം 800 കാവല്‍ക്കാരെയാണ് കോവിലകം സംരക്ഷണത്തിനായി നിയമിച്ചത്. ഇവരില്‍ ഭൂരിഭാഗവും പ്രദേശത്തെ മുസ്ലിംകളായിരുന്നു. കൊള്ളസംഘം മങ്കട കോവിലകത്തെയും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, കൊള്ളസംഘത്തിെൻറ പദ്ധതി മുസ്ലിംകള് പൊളിച്ചുകളഞ്ഞു. ഇതിന് പ്രത്യുപകാരമായി പള്ളി പണിയാൻ 1001 രൂപ പണമായി നല്കി. ചേരിയം മലയില്‍നിന്ന് ആവശ്യമായ മരങ്ങള്‍ മുറിച്ചെടുക്കാനും നിര്‍ദേശം നല്കി. ഇതോടെ പ്രദേശത്തെ മുസ്ലിംകളുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമായി.
രണ്ടു മുറികളും രണ്ടു വരാന്തയുമായിട്ടാണ് പള്ളി നിര്‍മിച്ചത്. മുകളില്‍ നകാര വെക്കാന്‍ പാകത്തില്‍ ഉയരമുള്ള മേല്പുരയായിരുന്നു. ഈ ഭാഗം നമസ്കാരത്തിന് ഉപയോഗിക്കാന്‍ സാധ്യമല്ലായിരുന്നു. ഏകദേശം 15 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മഹല്ലായിരുന്നു അന്ന് മങ്കട. പിന്നീട് സൗകര്യം പരിഗണിച്ച് ഇതില്‍നിന്ന് രണ്ടു മഹല്ലുകള്‍ പിരിഞ്ഞുപോയി. 300 വര്‍ഷത്തോളം പഴക്കമുള്ള കടന്നമണ്ണ ജുമാ മസ്ജിദ് ആയിരുന്നു അന്ന് സമീപത്തുണ്ടായിരുന്ന ഏക ജുമാ മസ്ജിദ്. 1922ല്‍ പണി പൂര്‍ത്തിയാക്കിയ മസ്ജിദ് രണ്ടുതവണ പുതുക്കിപ്പണിതു. മങ്കടക്കാര്‍ പാരമ്പര്യമായി കാത്തുപോന്ന സാമുദായിക സൗഹാര്‍ദത്തിെൻറ പ്രതീകമായാണ് പള്ളി നിലനിന്നത്.