ചളിക്കുളമായി മങ്കടയിലെ കളിക്കളം
text_fieldsവെള്ളം കെട്ടിനിൽക്കുന്ന മങ്കട ഗവ. ഹൈസ്കൂൾ മൈതാനം
മങ്കട: മഴക്കാലമായാൽ മങ്കടയിലെ മൈതാനത്ത് കളി നടക്കില്ല. പുല്ല് മുളച്ചും വെള്ളം കെട്ടിനിന്നും കളിസ്ഥലം ചെളിക്കുളം ആകുന്നതാണ് അവസ്ഥ. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് പരിഹാരമായാണ് നാല് വർഷം മുമ്പ് ലക്ഷങ്ങള്‍ മുടക്കി ഓട നിർമിച്ച് വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനമൊരുക്കിയത്. ഫലം നിരാശ മാത്രം.
നവീകരണ പ്രവൃത്തി നടത്തിയിട്ടും മഴപെയ്താല്‍ മങ്കട ഗവ. ഹൈസ്കൂള്‍ മൈതാനം ചെളിക്കുളമായി മാറുന്ന അവസ്ഥയാണ് ഇപ്പോഴും. ഉയർന്ന ഭാഗത്തുള്ള ഹൈസ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് മഴവെള്ളം ഇപ്പോഴും ഗ്രൗണ്ടിലേക്ക് ഒലിച്ചെത്തുന്നുണ്ട്. ഇതുകാരണം ഗ്രൗണ്ടില്‍ ചെളി കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. വെള്ളം ഒഴിഞ്ഞുപോകാന്‍ സംവിധാനങ്ങളില്ല. കൂടാതെ ഗ്രൗണ്ടില്‍നിന്നും ഉറവ പൊട്ടി ഒഴുകുന്നുമുണ്ട്.
ഗ്രൗണ്ടിന്റെ നടുത്തളം വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഒരടിയെങ്കിലും ഗ്രൗണ്ട് ഉയര്‍ത്തി വെള്ളം ഒഴിഞ്ഞുപോകാൻ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കാല്പന്തുകളിയില് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത നാടാണ് മങ്കട. മങ്കട പഞ്ചായത്തില്‍ മികച്ച കളിസ്ഥലം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നിവര്‍ത്തിക്കപ്പെട്ടിട്ടില്ല.
ഒരു ഇ. ഡിവിഷന് ഫുട്ബാള്‍ പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എങ്കിലും ഈ പരിമിതികള്‍ സഹിച്ചുകൊണ്ടുതന്നെ ഓരോ വര്‍ഷവും മങ്കടയില്‍ ധാരാളം ഫുട്ബാള്‍ മേളകള്‍ നടക്കുന്നു.
പ്രാദേശിക ടൂർണമെന്റുകൾക്ക് പുറമേ അഖിലേന്ത്യാ ഫുട്ബാൾ മത്സരങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെ നടക്കുന്നുണ്ട്. മഴക്കാല കളി ആയ ഇടവപ്പാതി ഫുട്ബാള്‍ തുടങ്ങാനുള്ള സമയവും ആയിട്ടുണ്ട്. എന്നാൽ, ഗ്രൗണ്ടിലെ വെള്ളക്കെട്ട് പ്രായാസം സൃഷ്ടിക്കുന്നുണ്ട്.