ഇവിടെയിതാ, ഒരപൂർവസ്നേഹം
text_fieldsമയിലുകൾ പരുന്തിന് സമീപം
മങ്കട: അവശനിലയിലുള്ള പരുന്തിന് മയിൽ ഭക്ഷണം നൽകുന്ന അപൂർവ കാഴ്ചയാണ് മങ്കടയിലെ പൊതുപ്രവർത്തകനായ സമദ് പറച്ചിക്കോട്ടിൽ അദ്ദേഹത്തിന്റെ പറമ്പിൽനിന്ന് ശനിയാഴ്ച രാവിലെ പകർത്തിയത്.
മങ്കട നെച്ചിനിക്കോട് പി.കെ നഗറിൽ അദ്ദേഹത്തിന്റെ ഫാമിനോട് ചേർന്ന പറമ്പിൽനിന്നാണ് ദൃശ്യം പകർത്തിയത്. കാലിന് പരിക്കേറ്റ് പറന്നുപോകാനാകാതെ പറമ്പിൽ നിൽക്കുന്ന പരുന്തിന് മയിലുകളെത്തി പച്ച ഇലകൾ കൊത്തിയെടുത്ത് തിന്നാൻ ഇട്ടുകൊടുക്കുന്നതാണ് വിഡിയോയിലെ ദൃശ്യം. എന്നാൽ പരുന്ത് ആ ഇലകൾ ഭക്ഷിക്കുന്നില്ല.
പൊതുവേ ശത്രുക്കളാണ് പരുന്തും മയിലും. പരുന്ത് മയിലിനെ ഭക്ഷിക്കാറുണ്ട്. പരുന്തുകൾ മാംസഭുക്കുകളാണ്.
മൃഗങ്ങളുടെ മാംസം, പാമ്പ്, മത്സ്യം എന്നിവയാണ് ആഹാരം. എന്നാൽ പറക്കാനാകാതെ നിൽക്കുന്ന പരുന്തിനെ കണ്ട് സഹതാപം തോന്നിയിട്ടാവണം മയിലുകൾ പച്ച ഇലകൾ ഇട്ട് കൊടുക്കുന്നത്.