ഇന്നലെ ശരിയാക്കി, ഇന്ന് വീണ്ടും കേടായി...കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ
text_fieldsമങ്കട മേലെ ജങ്ഷനിൽ വീണ്ടും പൈപ്പ് പൊട്ടി
വെള്ളം റോഡിലൂടെ ഒഴുകിയപ്പോൾ
മങ്കട: നേരെയാക്കലും കേടാക്കലും പതിവുകാഴ്ചയായ മങ്കട മേലെ ജങ്ഷനിൽ കഴിഞ്ഞദിവസം നടന്ന റോഡ് നേരെയാക്കൽ ചടങ്ങ് പ്രഹസനമായി. കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നഭാഗം ക്വാറിമാലിന്യം ഇട്ട് ശരിയാക്കിയത് പൊടിശല്യവും യാത്രാക്ലേശവും ആയതിനെ തുടർന്ന് പൈപ്പുമാറ്റി ശരിയാക്കിയതാണ് പിറ്റേദിവസം തന്നെ വീണ്ടും കേടായത്.
മങ്കട മേലെ ജങ്ഷനിൽ മലപ്പുറം റോഡ് തിരിയുന്ന ഭാഗത്താണ് രണ്ടുവർഷത്തോളം ആയി തുടരുന്ന റോഡ് തകർച്ചക്ക് പരിഹാരമായി ശനിയാഴ്ച റോഡ് കീറി പൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. ഞായറാഴ്ച ആ ഭാഗം ടാറിങ് ചെയ്തു. എന്നാൽ വീണ്ടും വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ തിങ്കളാഴ്ച കുഴി മൂടിയ ഭാഗം റോഡ് വീണ്ടും താഴ്ന്ന് പൈപ്പ് തകർന്നു. ചൊവ്വാഴ്ച ലൈനിൽ വെള്ളം വന്നതോടുകൂടി വീണ്ടും പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങി.
രണ്ടുവർഷമായി നിരന്തരമായി പൈപ്പ് പൊട്ടി ശരിയാക്കി കൊണ്ടിരിക്കുന്ന ഈ ഭാഗത്ത് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യമുണ്ടായിരുന്നു. അതേ തുടർന്ന് നേരത്തെയുള്ള ലൈൻ മാറ്റി സ്ഥാപിക്കുകയും പി.വി.സി പൈപ്പിന് പകരം ഇരുമ്പുപൈപ്പ് ഉപയോഗിക്കുകയും ചെയ്താണ് പ്രവൃത്തി നടത്തിയത്.
എന്നാൽ പൈപ്പ് വീണ്ടും അമർന്ന് പോകാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. ശരിയായ രീതിയിൽ അല്ല പ്രവൃത്തി നടത്തിയതെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
റോഡ് നിരന്തരം തകർന്ന് യാത്രാക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഭാഗത്ത് ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. അശാസ്ത്രീയമായ പ്രവർത്തനം കാരണം ഇപ്പോൾ വീണ്ടും റോഡ് തകർന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായി. പ്രശ്നം വീണ്ടും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടം.


