റോഡ് തകർച്ച; ഗതാഗതക്കുരുക്കിൽ മങ്കട ടൗൺ
text_fieldsമങ്കട ജങ്ഷനിൽ മലപ്പുറം റോഡ് തിരിയുന്ന ഭാഗത്ത് തകർന്ന റോഡ്
മങ്കട: വർഷങ്ങളായി ഗതാഗതക്കുരുക്ക് കൊണ്ട് ദുരിതം അനുഭവിക്കുന്ന മങ്കട ടൗണിൽ റോഡ് തകർച്ചയും കൂടിയായപ്പോൾ ദുരിതം ഇരട്ടിയായി. മങ്കട മേലെ ജങ്ഷനിൽനിന്ന് കൂട്ടിൽ റോഡും മലപ്പുറം റോഡും തിരിയുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
മലപ്പുറം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്ഥിരമായി പൈപ്പ് ലൈൻ പെട്ടുന്നതിനെത്തുടർന്ന് റോഡ് തകരുകയും അറ്റകുറ്റപ്രവർത്തികൾ നടത്തുകയും വീണ്ടും തകരുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഏറ്റവും ഒടുവിൽ കഴിഞ്ഞ വേനലിൽ റോഡ് തകർന്ന ഭാഗം പൈപ്പ് ലൈൻ ശരിയാക്കി കോൺക്രീറ്റ് ഇട്ട് മൂടിയെങ്കിലും ഒരു മാസത്തിനകം വീണ്ടും ആ ഭാഗം തകർന്നു തുടങ്ങി. ഇപ്പോൾ ആ ഭാഗം വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടകരമായി മാറിയിരിക്കുകയാണ്.
ഒരു വാഹനം കയറിപ്പോകാൻ എടുക്കുന്ന സമയം കൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. മങ്കട ടൗണിൽ മേലെ അങ്ങാടിയിൽ മഞ്ചേരി ഭാഗത്തേക്കും പെരിന്തൽമണ്ണ ഭാഗത്തേക്കും ഉള്ള ബസ്റ്റോപ്പുകൾ വർഷങ്ങൾക്കു മുമ്പ് പൊലീസ് ഇടപെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ബസുകൾ പഴയപടി ജംഗ്ഷനിൽ തന്നെ നിർത്തുന്ന അവസ്ഥയാണ് ഉള്ളത് .
ഇത് ടൗണിലെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. ദിവസത്തിൽ പലതവണകളിലായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ ആശുപത്രികളിലേക്ക് അത്യാഹിതങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസുകളും പലപ്പോഴും ഈ ഗതാഗതക്കുരുക്കിൽപെട്ട് പ്രയാസപ്പെടുന്ന അവസ്ഥകളും ഉണ്ടായിട്ടുണ്ട്.
റോഡിലെ അനധികൃത പാർക്കിങ്ങുകളും ട്രാഫിക് നിയമ ലംഘനങ്ങളും പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നതിനും ഒരു സ്ഥിരം സംവിധാനവും ഇപ്പോഴും മങ്കട ടൗണിൽ ഇല്ല. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ ബസിലെ ജീവനക്കാരോ വഴിയാത്രക്കാരോ വ്യാപാരികളോ ഇടപെട്ട് ട്രാഫിക് നിയന്ത്രിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഉള്ളത്.