പുലിഭീതി: മങ്കടയിൽ വനം വകുപ്പ് പരിശോധന
text_fieldsപ്രതീകാത്മക ചിത്രം
മങ്കട: മങ്കടയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി. എസ്.എഫ്.ഒ മുഹമ്മദ് അൽത്താഫ്, ബി.എഫ്.ഒ ശ്രീകുമാർ , വി.ഉണ്ണികൃഷ്ണൻ, ടി.എച്ച്. നസീർ എന്നിവരാണ് മങ്കട പുളിക്കൽ പറമ്പ്, വലമ്പൂർ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. കൂടുതൽ വ്യക്തത ലഭിക്കുന്ന പക്ഷം കെണി സ്ഥാപിക്കാമെന്നും നിരീക്ഷണം തുടരണമെന്നും അവർ നിർദേശിച്ചു.
കഴിഞ്ഞ ഒരാഴ്ചക്കിടെ തിരൂർക്കാട്, മങ്കട പരിസരങ്ങളിലായി ആറ് ഇടങ്ങളിലാണ് പുലിയെ കണ്ടതായി പറഞ്ഞിരുന്നത്. തിരൂർക്കാട് നെല്ലിക്കാപറമ്പ് പ്രദേശത്തും പരിസരങ്ങളിലുമായി മൂന്നിടങ്ങളിലും ശേഷം മങ്കട കൂട്ടപ്പാല, വലമ്പൂർ, പുളിക്കൽ പറമ്പ് പ്രദേശങ്ങളിലുമാണ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞത് .
കഴിഞ്ഞ മാസം മങ്കടയിൽ രണ്ട് ഇടങ്ങളിൽ പുലിയെ കണ്ടതായി വാർത്ത ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ തിരൂർക്കാട് പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് മങ്കട പ്രദേശത്ത് നാട്ടുകാരുടെ ആശങ്ക പരിഗണിച്ച് വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയത്. വ്യക്തമായ കാലടയാളങ്ങളും മറ്റു ലക്ഷണങ്ങളും കാണുകയാണെങ്കിൽ വിവരം അറിയിക്കണമെന്നും വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. തുടർനന് കെണി സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും ഉറപ്പുനൽകി.