ഇന്ന് ദേശീയ വിനോദ സഞ്ചാരദിനം; ടൂറിസം വികസനത്തിന് പദ്ധതിയൊരുക്കി മങ്കട പഞ്ചായത്ത്
text_fieldsചേരിയം മലയുടെ ദൂരക്കാഴ്ച
മങ്കട: ഒട്ടനവധി ചരിത്ര ശേഷിപ്പുകളും മനം കവരുന്ന പ്രകൃതി ദൃശ്യങ്ങളും കൊണ്ട് അനുഗൃഹീതമായ മങ്കടയില്‍ ടൂറിസം വികസനത്തിന് പദ്ധതിയുമായി ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായി. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി പദ്ധതി നടപ്പിലാക്കും. ജില്ല പഞ്ചായത്ത് സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കുന്നതെന്ന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അസ്കറലി പറഞ്ഞു. എം.എല്‍.എ യുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചേരിയം മലയിലേക്കുള്ള ട്രക്കിങ്, പുളിച്ചിക്കല്ലിലേയും കുരങ്ങന് ചോലയിലേയും വ്യുപോയിന്റിലേക്കുള്ള യാത്ര സൗകര്യം ഒരുക്കൽ, കര്‍ക്കിടകം നാടിപ്പാറയില്‍ വിനോദത്തിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് വിനോദ സഞ്ചാര പദ്ധതി. കുരങ്ങന്‍ചോല, ചേരിയം മലയിലെ കൊടികുത്തിക്കല്ല്, പൂക്കോടന്മല എന്നിവയുള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇക്കോടൂറിസത്തിന് സാധ്യതയുള്ളതാണ്. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നവും ജലസ്രോതസുകളുടെ ഉറവിടങ്ങളുമാണ് കുരങ്ങന്‍ചോല പ്രദേശം.
കോടമഞ്ഞ് പുതച്ചുറങ്ങുന്ന കുന്നുകളും വയലുകളും നിറഞ്ഞ പ്രകൃതി സൗന്ദര്യവും മഴക്കാലത്ത് സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും കാഴ്ചകളെ മനോഹരമാക്കുന്നു. ഇതിനോട് ചേര്‍ന്ന് രണ്ടു കിലോമീറ്റര്‍ മുകളിലേക്ക് കേറിയാല്‍ പുളിച്ചിക്കല്ലില് നിന്നുള്ള മേഘക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെയുള്ള കാഴ്ച മീശപ്പുലിമലയോട് സാദൃശ്യമുള്ളതാണ്. ആയിരക്കണക്കിന് സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി ഈ ഭാഗത്തേക്ക് ഒഴുകിയെത്തിയിരുന്നത്. എന്നാല്‍ പാറയുടെ മുകളില്‍ കയറുന്നത് അപകടകരമായതിനാലും സുരക്ഷ സംവിധാനങള്‍ ഇല്ലാത്തതിനാലും പിന്നീട് ഈ ഭാഗത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
മുന്‍ എം.എല്‍.എ ടി.എ. അഹമ്മദ് കബീറിന്റെ നിർദേശത്തെ തുടർന്ന് ഇവിടെ ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയും കെ.ടി.ഡിസി. സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല. സമുദ്ര നിരപ്പില്‍ നിന്ന് 2011 അടി ഉയരത്തിലുള്ള കൊടികുത്തികല്ല് പ്രദേശവും അനുബന്ധിച്ച വനം വകുപ്പ് ഭൂമിയും ഉപയോഗപ്പെടുത്തി ഇക്കോടൂറിസം വികസനം സാധ്യമാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. മലയുടെ കിഴക്കുഭാഗത്തെ പൂക്കോടന്‍ മലയും ദൃശ്യ ചാരുതയേകുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ സൈലന്റ് വാലി മലനിരകള്‍ വരെ കാണാവുന്ന ദൂരക്കാഴ്ചകളാൽ സമ്പന്നമാണ് ഈ പ്രദേശം.
നൂറ്റാണ്ടിന്റെ ചരിത്രമുള്ള ചേരിയം മലയിലെ ആദിവാസി ജീവിതത്തിന്റെ ശേഷിപ്പുകളായ പെരക്കല്ല്, കള്ളിക്കല്‍ പാറമട, ആവല് മട, പെരുമ്പറമ്പിലെ അയിരുമടകള്‍ തുടങ്ങിയവയും മലബാര്‍സമര കാലത്തെ ബ്രിട്ടീഷ് പട്ടാളത്തിന്റെയും മാപ്പിള പോരാളികളുടെയും ഒളിത്താവളങ്ങള്‍, രക്തസാക്ഷികളുടെ ഖബറിടങ്ങള്‍, വള്ളുവക്കോനാതിരിമാരുടെ ചരിതം ഉറങ്ങുന്ന കോവിലകങ്ങള്‍, ബീരാന് ഔലിയയുടെ ചരിത്രമുറങ്ങുന്ന വെള്ളിലയിലെ ഓട്ടുപാറ, കട്ക സിറ്റി തുടങ്ങിയവയും ഉള്‍പ്പെടുത്തി വിശാലമായ ടൂറിസം മേഖലക്കുള്ള സാധ്യതകള്‍ മങ്കടയില്‍ നിലനില്‍ക്കുന്നുണ്ട്.