സീബ്ര വരകൾ മാഞ്ഞു; അപകട ഭീഷണിയിൽ തിരൂർക്കാട്
text_fieldsതിരൂർക്കാട് സ്കൂൾപടിയിൽ അപകടത്തിൽപെട്ട ലോറിയും കാറും ബൈക്കും
മങ്കട: കോഴിക്കോട്-പാലക്കാട് റോഡിലെ പ്രധാന ടൗണായ തിരൂർക്കാട് സ്കൂൾപടിയിലെ സീബ്രാ വരകൾ മാഞ്ഞു തുടങ്ങിയിട്ട് മാസങ്ങൾ. ഇത് അപകട ഭീഷണിയുയർത്തുന്നുണ്ട്. ബുധനാഴ്ച ഇവിടെയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
ഹൈസ്കൂൾ, ഓർഫനേജ്, കോളജുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രധാന അങ്ങാടിയാണ് സ്കൂൾപടി. വിദ്യാർഥികൾക്കും നാട്ടുകാർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ ഒരുക്കിയ സീബ്രാ വരകളാണ് മാഞ്ഞു കിടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ദിനേന റോഡ് മുറിച്ചുകടക്കാൻ സീബ്രാ വരകൾ ഉപയോഗപ്പെടുത്തുന്നത്. തിരൂർക്കാട് ജങ്ഷൻ മുതൽ റോഡ് ദീർഘദൂരം കാണാവുന്ന വിധത്തിലായതിനാൽ വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിക്കാറുള്ളത്. നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചതായും നാട്ടുകാർ പറയുന്നു.
റോഡു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും പി.ടി.എ, എസ്.എം.സി ഭാരവാഹികളും ദേശീയപാത അധികൃതർക്കും മറ്റും നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നീ സംഘടനകളും ആവശ്യവുമായി രംഗത്തുണ്ട്.