മരുന്നുകൾക്ക് ഗുണനിലവാരമില്ല; ഏഴ് മാസത്തിനിടെ ആറിരട്ടി വർധന
text_fieldsമലപ്പുറം: രാജ്യത്ത് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകളുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ജൂലൈ വരെയുള്ള ആദ്യ ഏഴ് മാസങ്ങളിൽ ഡ്രഗ് റഗുലേറ്ററർമാർ സാമ്പിളെടുത്ത് കേന്ദ്ര, സംസ്ഥാന ലാബുകളിൽ പരിശോധിച്ച മരുന്നുകളിൽ 661 എണ്ണമാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 113 എണ്ണത്തിൽനിന്ന് ആറ് മടങ്ങ് വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ആറ് വർഷത്തെ എസ്.എസ്.ക്യു കേസുകളുടെ എണ്ണമെടുത്താലും 2025ലേത് ഏറ്റവും ഉയർന്ന നിലയിലാണ്. കഴിഞ്ഞ ആഗസ്റ്റിൽ മാത്രം 94 മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അറിയിച്ചു. സെൻട്രൽ ലാബുകളിൽ പരിശോധിച്ച 32 മരുന്നുകളും സംസ്ഥാന ലാബിൽ പരിശോധിച്ച 62 മരുന്നുകളുമാണ് എസ്.എസ്.ക്യു എന്ന് കണ്ടെത്തിയത്. ജെ.ബി കെമിക്കൽസ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ 400 മില്ലിഗ്രാം മെട്രോണിഡാസോൾ ടാബ്ലെറ്റ് ഐ.പി, സ്മിലാക്സ് ഹെൽത്ത്കെയർ ഡ്രഗ്സിന്റെ അയൺ, ഫോളിക് ആസിഡ് സിറപ്പ്, അഗ്രോൺ റെമഡീസിന്റെ ടോബ്രാമൈസിൻ ഐ ഡ്രോപ്പ്സ്, ഫസ്റ്റ്മെഡ് തെറാപ്യൂട്ടിക്സിന്റെ റാബെപ്രാസോൾ സോഡിയം ടാബ്ലെറ്റ്, പാരസെറ്റമോൾ, അസെക്ലോഫെനാക് ടാബ്ലെറ്റ് എന്നിവയും ബജാജ് ഫോർമുലേഷൻസിന്റെ പാന്റോപ്രാസോൾ 40 മില്ലിഗ്രാം എന്നിവ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
സീ ലബോറട്ടറീസിന്റെ അമികാസിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി 500 മില്ലി ഗ്രാം, ടോബ്രാമൈസിൻ ഒഫ്താൽമിക് ലായനി എന്നിവയും അലക്സ ഫാർമസ്യൂട്ടിക്കൽസിന്റെ ആംപിസിലിൻ ട്രൈഹൈഡ്രേറ്റ് ആന്റ് ബ്രോംഹെക്സിൻ ഹൈഡ്രോക്ലോറൈഡ് കാപ്സ്യൂൾ, സായ് പാരന്ററൽസിന്റെ അയൺ സുക്രോസ് ഇഞ്ചക്ഷൻ, ക്ലിൻഡാമൈസിൻ ഇഞ്ചക്ഷൻ, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക്സ് ലിമിറ്റഡിന്റെ സെഫ്റ്റ്രിയാക്സോൺ ഇഞ്ചക്ഷൻ, സ്കോട്ട് എഡിൽ ഫാർമസിയ ലിമിറ്റഡിൽ നിന്നുള്ള ആൽബെൻഡാസോൾ ടാബ്ലെറ്റ്, മോറെപെൻ ലബോറട്ടറീസിന്റെ റാബെപ്രാസോൾ ടാബ്ലെറ്റ്, ആൽബർട്ട് ഡേവിഡ് ലിമിറ്റഡിന്റെ അമിനോ ആസിഡുകൾ, മിനറൽസ് കാപ്സ്യൂൾ എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഡ്രഗ്സ് കൺട്രോളർ ജനറലിന്റെയും (ഡി.സി.ജി.ഐ) ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെയും (ഡി.സി.സി) കർശനിർദ്ദേശമുണ്ടായിട്ടും കേരളമടക്കം 15 സംസ്ഥാനങ്ങൾ ആഗസ്റ്റിൽ എൻ.എസ്.ക്യു മരുന്നുകളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചില്ലെന്ന് സി.ഡി.എസ്.സി.ഒ പറയുന്നു.


