30 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശി പിടിയിൽ
text_fieldsറഷീദ്
മേലാറ്റൂർ: രേഖയില്ലാതെ ബൈക്കിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശി ചെമ്പറ്റുമൽ റഷീദിനെയാണ് (42) മേലാറ്റൂർ പൊലീസ് പിടികൂടിയത്. മേലാറ്റൂർ റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് വ്യാഴാഴ്ച രാവിലെ പത്തിനാണ് കസ്റ്റഡിയിലെടുത്തത്. പ്രതി ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിനുള്ളിൽ നിർമിച്ച രഹസ്യ അറയിൽനിന്നാണ് പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത പണം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ടാം ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി. ആദായ വകുപ്പിനും ഇ.ഡിക്കും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ എസ്.എച്ച്.ഒ പി.എം. ഗോപകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാകേഷ് ചന്ദ്ര, സുധീഷ് ചെമ്പ്രശ്ശേരി, പ്രവീൺ പുത്തനങ്ങാടി, സിവിൽ പൊലീസ് ഓഫിസർ ഷിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.