മാലിന്യം അലക്ഷ്യമായി കിടക്കുന്നു; സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ
text_fieldsമേലാറ്റൂർ മിനി സ്റ്റേഡിയത്തിന് സമീപം ശേഖരിച്ച മാലിന്യം അലക്ഷ്യമായി കിടക്കുന്നു
മേലാറ്റൂർ: ഗ്രാപഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ മാലിന്യം അലക്ഷ്യമായി കിടക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മഴ നനഞ്ഞ് ജലം പരിസരങ്ങളിൽ കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകാനും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനും കാരണമാകുന്നു. കാക്കകളുടെയും തെരുവുനായ്ക്കളുടെയും ശല്യമുള്ളതായും പ്രദേശവാസികൾ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ മിനി സ്റ്റേഡിയത്തിന് സമീപമുള്ള മാലിന്യസംഭരണ കേന്ദ്രത്തിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ഏറെ നാളായി താൽക്കാലികാടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് വേർതിരിച്ചെടുക്കുന്നത്.
കായികാവശ്യങ്ങൾക്ക് ഒേട്ടറെ പേരെത്തുന്ന മിനി സ്റ്റേഡിയത്തിന്റെ പരിസരത്തുള്ള മാലിന്യകേന്ദ്രം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പ്രദേശവാസിയും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ കെ.പി. ഉമ്മർ പറഞ്ഞു. തൊട്ടടുത്തുള്ള കുംഭാര കോളനിയിലേക്കുള്ള ഏകവഴിയായ റോഡും സംഭരണകേന്ദ്രത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. തെരുവുനായ്ക്കൾ മാലിന്യചാക്കുകൾ റോഡിലേക്ക് കടിച്ചുവലിച്ചിടുന്നത് കാൽനടയാത്രക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
റെയിൽവേയുടെ വഴിയാണ് മുമ്പ് കോളനിക്കാർ ആശ്രയിച്ചിരുന്നതെങ്കിലും പാത വൈദ്യുതീകരിച്ചതോടെ ആ വഴിയടഞ്ഞു. സംഭരണകേന്ദ്രത്തിന് സമീപത്തുകൂടിയുള്ള വഴിയാണ് ഇവർക്ക് ആശ്രയം. മാലിന്യം ഉടൻ നീക്കിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.