മേലാറ്റൂരിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു
text_fieldsമേലാറ്റൂരിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് പരിശോധന നടത്തുന്നു
മേലാറ്റൂർ: ചന്തപ്പടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളിയായ യുവാവിന് മലമ്പനി സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിന്റെ നേതൃത്വത്തിൽ സ്ഥലത്ത് കൊതുകു ഉറവിട പരിശോധന നടത്തി.
പൂർണ വളർച്ചയെത്തിയ കൊതുകുകളെയും കൂത്താടികളേയും രാത്രിയിലെത്തി ശേഖരിച്ചു. മലമ്പനി സ്ഥിരീകരിച്ച ആളുടെ താമസസ്ഥലത്തിന് ചുറ്റും അര കിലോമീറ്റർ ചുറ്റളവിലാണ് പരിശോധന നടത്തിയത്. മലമ്പനി പരത്തുന്ന അനോഫിലസ് സ്റ്റീഫൻസി, അനോഫിലസ് വരുണ എന്നീയിനം കൊതുകുകളെയാണ് കണ്ടെത്തിയത്.
ഉറവിട നശീകരണം, രോഗപ്രതിരോധ നടപടികൾ എന്നിവയിൽ ജനകീയ പങ്കാളിത്തം ഉണ്ടായാൽ മാത്രമേ മലമ്പനി പോലുള്ള കൊതുകുജന്യ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനാകൂ എന്ന് പരിശോധനക്കു നേതൃത്വം നൽകിയ ബയോളജിസ്റ്റ് വി.വി. ദിനേശ് പറഞ്ഞു. ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിലെ കെ. നാരായണൻ, സ്മിത പെരിച്ചാത്ര, മേലാറ്റൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐമാരായ എം.കെ. അനൂപ്, പ്രിയ എന്നിവരും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുത്തു.