നാട്ടുകാരെ ഭീതിയിലാഴ്ത്തി പരുന്തിെൻറ ആക്രമണം
text_fieldsനാട്ടുകാരെ ഭീതിയിലാക്കിയ പരുന്ത്
മേലാറ്റൂർ: നാട്ടുകാരെ ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. കീഴാറ്റൂർ പഞ്ചായത്തിലെ പൂന്താനം ചക്കുഴിയിൽ പ്രദേശത്താണ് കുട്ടികളെയും മതിർന്നവരെയും ഒരുപോലെ അക്രമിച്ച് പരുന്തിന്റെ വിളയാട്ടം. പകൽ സമയങ്ങളിൽ പ്രദേശതെത്തുന്ന പരുന്ത് പുറത്തു കാണുന്നവരുടെ ശരീരത്തിൽ കൊത്തി മുറിവേൽപ്പിക്കുന്നു. പലപ്പോഴും ചുമലിൽ വന്നിരുന്ന് മുഖത്തും തലയിലും കൊത്തുകയാണ് പതിവ്.
രണ്ടു മാസത്തോളമായി പരുന്തിന്റെ ആക്രമണം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം പാറമ്മൽ ഉസ്മാന്റെ പത്തു വയസ്സുകാരിയായ ഫാത്തിമ റിഷയുടെ മുഖത്ത് കൊത്തി പരിക്കേൽപ്പിച്ചിരുന്നു. ഒറക്കോട്ടിൽ റൗഫ്, പിലാക്കൽ അയൂബ്, പുഴക്കൽ റിയാസ് എന്നീ വീട്ടുകാരും പരുന്തിന്റെ ഉപദ്രവത്തിന് ഇരയായവരാണ്. ശരീരത്തിൽ വന്നിരിക്കുമ്പോൾ കാലിലെ കൂർത്ത നഖം കൊണ്ടുള്ള മുറിവേൽക്കുന്നതും പതിവാണ്. മത്സ്യമോ മറ്റോ വീടിന്റെ പുറത്തു വച്ച് വൃത്തിയാക്കാനും ഇതിന്റെ ശല്ല്യം കാരണം കഴിയുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പരുന്തിനെ പിടികൂടാൻ നാട്ടുകാർ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.