കോടികൾ മുടക്കി നവീകരിച്ച റോഡ് രണ്ടു ദിവസത്തിനുള്ളിൽ പൊളിഞ്ഞു
text_fieldsടാറിങ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തകർന്ന റോഡ്
മേലാറ്റൂർ: പ്രവൃത്തി പൂർത്തിയായി രണ്ടു ദിവസത്തിനകം റോഡിന്റെ ടാറിങ് അടർന്നു നീങ്ങി. കോടികൾ മുടക്കി നവീകരണം നടത്തിയ വേങ്ങൂർ കാഞ്ഞിരം പാറ - കുണ്ടടി റോഡാണ് പൊളിഞ്ഞത്. കഴിഞ്ഞ ആഴ്ചയിൽ പണി തുടങ്ങിയ മേലാറ്റൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന ഈ റൂട്ടിൽ ഏകദേശം നാല് കിലോമീറ്ററാണ് പ്രവൃത്തി.
പ്രധാനമന്ത്രി ഗ്രാമീൺ സടക് യോജന പദ്ധതി പ്രകാരം രണ്ടര കോടിക്ക് മുകളിൽ വരുന്ന തുക ഉപയോഗിച്ചാണ് നിർമാണം നടത്തിയത്. എന്നാൽ പണി കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ റോഡ് പൊളിഞ്ഞു. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ചു മണ്ണ് നീക്കം ചെയ്യുന്ന സമയത്ത് ഇവിടെയുള്ള ഓവുപലത്തിനും മറ്റും കേടുപാടുകളുമുണ്ടായതായും പരാതിയുണ്ട്.
പണിയിലെ അശാസ്ത്രീയതയും അഴിമതിയും കാരണമാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ, പൗരാവകാശ പ്രവർത്തകൻ ശിവദാസൻ കുന്നത്ത് എന്നിവർ കലക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി.