പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവന്റെ മാല കവർന്നു
text_fieldsമേലാറ്റൂർ: പട്ടാപകൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവൻ വരുന്ന സ്വർണമാല കവർന്നു. മേലാറ്റൂർ എടയാറ്റൂർ നെടുങ്ങാംപാറയിലെ ചെട്ടിയംതൊടി മുഹമ്മദ് എന്ന മാനുവിന്റെ ഭാര്യ മറിയയെയാണ് (67) ആക്രമിച്ച് മാല കവർന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ജുമുഅ സമയത്ത് ആളില്ലാത്തപ്പോഴാണ് മോഷ്ടാവ് എത്തിയത്. വീടിന് മുറ്റത്ത് വിറകുണ്ടാക്കി നില്ക്കുകയായിരുന്ന മറിയയുടെ കൈയിലെ മടവാൾ വാങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ആക്രമിച്ചത്. പിന്നിലൂടെ വന്ന് കഴുത്തിന് പിടിച്ചതിനാൽ രക്ഷപ്പെടാനുമായില്ല. മടവാൾ കൊണ്ട് ആക്രമിച്ചതിനാൽ തലക്കും കഴുത്തിലും പരിക്കേറ്റ ഇവർ ചികിത്സ തേടി.
മുഹമ്മദ് പള്ളിയിൽ പോയതിനാൽ മറിയ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇൗ തക്കം നോക്കിയാണ് മോഷ്ടാവ് റോഡരികിലെ വീട്ടിലെത്തിയത്. കമ്മലും അഴിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും സ്ത്രീ നിലവിളിച്ചതോടെ അയൽവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് മേലാറ്റൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മതപ്രബോധകനെന്ന വ്യാജേന മുമ്പ് മോഷ്ടാവ് രണ്ടുതവണ ഇവരുടെ വീട്ടിൽവന്ന് പരിചയപ്പെടുത്തിയിരുന്നുവത്രെ. കരുവാരകുണ്ട് സ്വദേശിയാണെന്നായിരുന്നു അന്ന് പരിചയപ്പെടുത്തിയിരുന്നത്.