മൂലേപ്പാടത്ത് കാട്ടാനയിറങ്ങി; ടാപ്പിങ് തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകാട്ടാന നശിപ്പിച്ച പടവിൽ ജോഷിയുടെ കൃഷിയിടം
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടത്ത് കാട്ടാന ഭീഷണി. പുലർച്ചെ റബർ ടാപ്പിങ്ങിനുപോയവർ കാട്ടാനയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. നിലമ്പൂർ-നായാടംപൊയിൽ മലയോര റോഡിലാണ് പുലർച്ചെ കാട്ടാന ഭീതി പരത്തിയത്. മൂലേപ്പാടം പടവിൽ ജോഷിയുടെ വീടിന് സമീപത്തെ 100ലേറെ വാഴകൾ നശിപ്പിച്ചു. റോഡിനോട് ചേർന്ന ജോഷിയുടെ കൃഷിയിടത്തിലാണ് നാശം വരുത്തിയത്.
കഴിഞ്ഞ ദിവസം പെരുവമ്പാടം നഗറിലെ ആദിവാസിയായ ഗിരീഷിനെ പട്ടാപ്പകൽ ആക്രമിച്ച മോഴയാനയാണ് മൂലേപ്പാടത്തും ഭീതി വിതച്ചത്. ആൾ സഞ്ചരം ഏറെയുള്ള റോഡാണിത്. പെരുവമ്പാടം വനമേഖലയിൽനിന്നും കുറുവൻപുഴ കടന്ന് പുലർച്ചെ നാലോടെയാണ് ഒറ്റയാൻ എത്തിയത്.
രാവിലെ ആറോടെ റോഡിലൂടെ 300 മീറ്ററിലേറെ നടന്ന ശേഷമാണ് കുറുവൻപുഴ കടന്ന് പെരുവമ്പാടം വനത്തിലേക്ക് തന്നെ മടങ്ങിയത്. മോഴയാന ഉൾപ്പെടെ നാലോളം ആനകളാണ് പെരുവമ്പാടം വനത്തിൽ തമ്പടിച്ചിരിക്കുന്നത്.


