കാട്ടാന സാന്നിധ്യം; മൂത്തേടം നമ്പൂരിപ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍
text_fieldsചക്കരക്കാടന്കുന്ന് പാലപ്പറ്റ മുഹമ്മദിന്റെ കമുകിന് തോട്ടത്തില്‍ ശനിയാഴ്ച രാവിലെ നിലയുറപ്പിച്ച കാട്ടാന
മൂത്തേടം: ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന സാന്നിധ്യംമൂലം മൂത്തേടം നമ്പൂരിപ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒരുമാസത്തിലധികമായി രാപ്പകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ പ്രദേശത്ത് വിഹരിക്കുകയാണ്. പെരുങ്കൊല്ലംപാറ ജുമാമസ്ജിദിന് സമീപം ചക്കരക്കാടന്കുന്ന് റോഡിന് സമീപത്തെ പാലപ്പറ്റ മുഹമ്മദിന്റെ കമുകിന് തോട്ടത്തില്‍ ശനിയാഴ്ച രാവിലെ ഏഴോടെയാണ് പ്രഭാത സവാരിക്കിറങ്ങിയ ആളുകള്‍ കാട്ടാനയെ കണ്ടത്.
നമ്പൂരിപ്പൊട്ടിയില്‍ പുലര്‍ച്ച ആനയെ കണ്ട് ഭയന്ന ടാപ്പിങ് തൊഴിലാളികള്‍ സമീപ തോട്ടത്തിലെ റാട്ടപ്പുരയില്‍ അഭയം തേടുകയായിരുന്നു. വരമ്പന്കല്ലന് അനസ്, പാലപ്പറ്റ മുഹമ്മദ് എന്നിവരുടെ തോട്ടങ്ങളില്‍ രാത്രി കയറിയ കാട്ടാന 70 വാഴകളും 12 തെങ്ങുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
നമ്പൂരിപ്പൊട്ടി അങ്ങാടിയിലെ അപ്പുവിന്റെ കടയുടെ മുന്നില്‍വരെ കാട്ടാനയെത്തിയിരുന്നു. നാട്ടുകാര്‍ ഒച്ചവെച്ചും പടക്കം പൊട്ടിച്ചുമാണ് രാവിലെ ആനയെ കാടുകയറ്റിയത്. പെരുങ്കൊല്ലംപാറ സൂറമുക്കില് കഴിഞ്ഞദിവസങ്ങളില്‍ പകല്‍സമയം കണ്ട കാട്ടാനയാണിതെന്ന് നാട്ടുകര്‍ പറയുന്നു.
പുഞ്ചക്കൊല്ലി ആറാട്ട് വനയോര പാതയില്‍ കഴിഞ്ഞദിവസം ആനയെ ടാപ്പിങ് തൊഴിലാളികള്‍ കണ്ടിരുന്നു. കാട്ടാനയും പുലിയും ജനവാസകേന്ദ്രങ്ങളില്‍ രാവും പകലും വിഹരിക്കാന്‍ തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് മൂത്തേടം നിവാസികള്‍.