നവതിയുടെ നിറവിലും വയോജന സംരക്ഷണ പോരാട്ടവുമായി 'നാരായണൻ മാസ്റ്റർ'
text_fieldsപരപ്പനങ്ങാടി : ജീവിതാനുഭവ പാഠങ്ങൾ ആവുവോളമുള്ള വയോജനങ്ങൾ ചൂഷണങ്ങൾക്കിരയാവുന്നതാണ് ലോക ത്തിലെ ഏറ്റവും വലിയ ഭരണകൂട അഴിമതിയെന്ന് വയോജന സംരക്ഷണ യോദ്ധാവും വയോധികനുമായ പി. കെ. നാരായണൻ മാസ്റ്റർ.
കൗമാരവും യുവത്വവും വിശ്രമമറിയാതെ നാടിന്റെ പൊതു സേവനത്തിൽ അടയാളപ്പെടുത്തിയ,പി. കെ. നാരായണൻ നവതിയുടെ നിറവിലും അവശതയറിയാത്ത വാർധക്യവുമായി വയോജനങ്ങളുടെ അവകാശ പോരാട്ടത്തിനായി രംഗത്തുണ്ട്. മദ്യ നിരോധന സമിതി മുൻ ജില്ല പ്രസിഡന്റ്, ഗാന്ധി ദർശന പ്രചാരകൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പോഴും പൊതു രംഗത്ത് സജീവമാണ്. തലമുറകളുടെ ഈ ഗുരു നാഥൻ സീനിയർ സിറ്റിസൺ ഫോറം രൂപവത്കരിച്ചാണ് ഒറ്റപ്പെടാൻ വിധിക്കപ്പെട്ട വയോജനങ്ങൾക്ക് തുണയായി നിൽക്കുന്നത്.
വയോജനങ്ങൾ പരിഗണിക്കപെടാതെ പോവുക, കിടപ്പു രോഗികൾ അവഗണിക്കപ്പെടുക,യഥാ സമയം വാർധക്യ കാല പെൻഷൻ ലഭിക്കാതെ പോവുക തുടങ്ങി സമീപനങ്ങൾ വയോജന സമൂഹത്തോട് കാണിക്കുന്ന കടുത്ത ക്രൂരതയാണന്നും പ്രായ ഭേദമന്യെ സമൂഹത്തെ ഒറ്റ കെട്ടായ് അണിനിരത്തി സീനിയർ സിറ്റിസൺ ഫോറം പോരാട്ടം നടത്തുമെന്നും നാരായണൻ മാസ്റ്റർ പറഞ്ഞു.
തണൽ വീട്, സായംപ്രഭ, എന്നീ പദ്ധതികളും ജീവിത ശൈലീ രോഗങ്ങൾക്ക് നൽകിവന്നിരുന്ന സൗജന്യ മരുന്നു വിതരണവും വയോജനങ്ങൾക് ഏറെ ഉപകാരമായിരുന്നെങ്കിലും വയോജന ക്ഷേമ പദ്ധതികളെല്ലാം വാർധക്യം പേറി തളർന്നു കിടക്കുകയാണ്.
യുവത്വത്തിൽ പൊതു സേവന പ്രവർത്തനം നടത്തുന്നതിൽ വലിയ സാഹസമില്ലന്നും വാർധക്യം സംഘടിച്ച് ചൂഷണത്തിനെതിരെ പൊരുതി ജയിക്കലാണ് കരുത്താർന്ന പൊതു പ്രവർത്തനമെന്നും സീനിയർ സിറ്റിസൺ ഫോറം അധ്യക്ഷൻ കൂടിയായ നാരായണൻ മാസ്റ്റർ പറയുന്നു.
വയോജനങ്ങൾക്ക് ഭരണഘടനയുടെ നാൽപ്പത്തിയൊന്നാം ആർട്ടിട്ടിൾ നൽകുന്ന സംരക്ഷണം ലഭിക്കാതെ പോകുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
1999ൽ സർക്കാർ പ്രഖ്യാപിച്ച ദേശീയ വയോജന നയം, 2002 ൽ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച മാഡ്രിഡ് പ്ലാൻ ഓഫ് ആക്ഷൻ തുടങ്ങി ദേശ ദേശാന്തരീയ പദ്ധതികൾക് കുറവില്ലെങ്കിലും വയോജന സമൂഹത്തിന് വലിയ ഗുണമൊന്നുമില്ലെന്നും നാരായണൻ മാസ്റ്റർ പരിഭവപെട്ടു. സമ്മർദങ്ങളെ വലിച്ചെറിഞ്ഞ് മരിക്കുവോളം മനസറിഞ്ഞ് ചിരിച്ചു ജീവിക്കാൻ വയോജന സമൂഹം സ്വയം തയാറാകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.